ഡല്‍ഹി : തലാഖ് ചൊല്ലലും ബഹുഭാര്യാത്വവും വേണ്ടെന്ന് മുസ്ലീം വനിതകള്‍ .ഇന്റര്‍നെറ്റ് മാധ്യമങ്ങളായ സ്കൈപ്, വാട്സ്ആപ് തുടങ്ങിയവയിലൂടെ പോലും മൂന്ന് തലാഖ് ചൊല്ലി വിവാഹബന്ധം അവസാനിപ്പിക്കുന്ന സാഹചര്യം സാധാരണമായി. ഇതോടെ മുസ്ലീംവനിതകള് വിവാഹബന്ധത്തിന്റെ കെട്ടുറപ്പിനെക്കുറിച്ച് ആശങ്കാകുലരാണെന്നും വിവാഹവുമായി ബന്ധപ്പെട്ട അനാചാരങ്ങള്‍ ഒഴിവാക്കണമെന്ന് ശക്തമായി ആഗ്രഹിക്കുന്നവരാണെന്നും ഒരു സര്‍വേ വ്യക്തമാക്കുന്നു.
ഏകപക്ഷീയമായി മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹബന്ധം അവസാനിപ്പിക്കുന്നതിനെ രാജ്യത്തെ ഭൂരിപക്ഷം മുസ്ലീം സ്ത്രീകളും എതിര്‍ക്കുന്നുവെന്ന മനുഷ്യാവകാശ സംഘടനയ് ‘ഭാരതീയ മുസ്ലീം മഹിളാ ആന്ദോളന്’ അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സര്‍വേ നടത്തിയത്. മുസ്ലീം വ്യക്തിനിയമത്തില്‍ പരിഷ്കാരം വേണമെന്ന് ആവശ്യപ്പെടുന്ന സംഘടനയാണ് ഭാരതീയ മുസ്ലീം മഹിളാ ആന്ദോളന്. 2013 ജൂലൈയ്ക്കും ഡിസംബറിനും ഇടയില്‍ 4,710 മുസ്ലീം വനിതകളിലാണ് പഠനം നടത്തിയത്.
സര്‍വേയോട് പ്രതികരിച്ച 92.1 ശതമാനം സ്ത്രീകളും ഏകപക്ഷീയമായി തലാഖ് ചൊല്ലി വിവാഹബന്ധം അവസാനിപ്പിക്കുന്നതിനെ എതിര്‍ത്തു. ഭര്ത്താക്കന്മാര് രണ്ടാം ഭാര്യമാരെ സ്വീകരിക്കുന്നതിനോട് 91.7% സ്ത്രീകളും എതിര്‍പ്പ് പ്രകടിപ്പിച്ചു.
പ്രതികരിച്ച സ്ത്രീകളില്‍ 73% 50,000 രൂപയില്‍ താഴെ വാര്‍ഷികവരുമാനമുളള കുടുംബങ്ങളില്‍ നിന്നുളളവരാണ്. ഇവരില്‍ 55% 18 വയസ്സിനു മുമ്പ് തന്നെ വിവാഹിതരായവരാണ്. 82% സ്ത്രീകള്‍ക്ക് സ്വന്തം പേരില്‍ സ്വത്തുക്കളില്ല. 78% പേരും ഗാര്‍ഹികജോലി മാത്രം ചെയ്യുന്നവരാണ്. 53% പേരും ഗാര്ഹികപീഡനത്തിനിരയായവരാണ് ഭൂരിഭാഗത്തിനും ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെന്നും സര്‍വേ ഫലത്തില്‍ പറയുന്നു.
സര്‍വേയില്‍ പ്രതികരിച്ച 93% സ്ത്രീകളും വിവാഹമോചനത്തിനു മുമ്പ് മധ്യസ്ഥ ചര്‍ച്ച വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതേസമയം, 83.3% സ്ത്രീകളാവട്ടെ മുസ്ലീം കുടുംബ നിയമം ക്രോഡീകരിക്കുന്നതിലൂടെ നീതി ലഭിക്കുമെന്നും കരുതുന്നു.
വിഷയം സര്‍ക്കാരിന്റെയും നിയമ കമ്മീഷന്റെയും ദേശീയ വനിതാ കമ്മീഷന്റെയും ശ്രദ്ധയില്‍പ്പെടുത്താനുളള നീക്കത്തിലാണ് ഭാരതീയ മുസ്ലീം മഹിളാ ആന്ദോളന്.
Discussion about this post