ഇന്ത്യൻ അതിർത്തികൾ ചേർത്തു വരച്ച്പുതിയ ഭൂപടം അവതരിപ്പിച്ചത് വ്യവസ്ഥകളുടെ ലംഘനമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.ഈ നടപടിയെ തീർത്തും നേപ്പാളിന്റെ ഏകപക്ഷീയമായ തീരുമാനമാണെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അനുരാഗ് ശ്രീവാസ്തവ വിശേഷിപ്പിച്ചത്.പുതിയ ഈ കൂട്ടിച്ചേർക്കൽ ചരിത്രപരമായ വസ്തുതകളുടെ അടിസ്ഥാനത്തിലല്ലെന്നും, ഇതിനെ പിന്താങ്ങുന്നതിനായി സമർപ്പിച്ച തെളിവുകളൊന്നും നിലനിൽക്കുന്നതല്ലെന്നും അനുരാഗ് ശ്രീവാസ്തവ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം നേപ്പാൾ പാർലിമെന്റിൽ ഇന്ത്യൻ അതിർത്തികളായ കാലാപാനി, ലിപുലേഖ്, ലിംബിയാധുരാ എന്നീ പ്രദേശങ്ങൾ കൂട്ടി വരച്ച പുതിയ ഭൂപടം അവതരിപ്പിച്ചിരുന്നു.ഇതിനെതിരെയുള്ള പ്രതികരണവുമായാണ് ഇപ്പോൾ അനുരാഗ് ശ്രീവാസ്തവ രംഗത്തു വന്നിരിക്കുന്നത്.നേപ്പാളിന്റെ ഈ പ്രവർത്തി ഒരു രീതിയിലും അംഗീകരിക്കാനാവില്ലെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.








