ഡല്‍ഹി: ചെറിയ കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷ വിധിക്കുന്നത് ഭേദഗതി ചെയ്യാന്‍ ആലോചനയുമായി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റില്ലാതെയുളള യാത്ര, ഫുട്ട്ബോര്‍ഡില്‍ ഇരുന്നുളള യാത്ര തുടങ്ങിയ ചെറിയ കുറ്റങ്ങള്‍ക്ക് വരെ ജയില്‍ശിക്ഷ ചുമത്താവുന്നതാണ് നിലവിലെ നിയമം. ഇതില്‍ ഭേദഗതി വരുത്തി പിഴ മാത്രം ചുമത്തുന്ന തരത്തിലേക്ക് മാറ്റാനാണ് റെയില്‍വേ ആലോചിക്കുന്നത്.
കോടതി നടപടികള്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ചില നിയമങ്ങള്‍ എടുത്തുകളയാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നിലവില്‍ കേസുകളുടെ ആധിക്യം കൊണ്ട് വീര്‍പ്പുമുട്ടുകയാണ് കോടതികള്‍. ഇതിന്റെ ചുവടുപിടിച്ചാണ് റെയില്‍വേയുടെ നീക്കം.
നിലവില്‍ ട്രെയിനില്‍ ഭിക്ഷാടനം നടത്തുന്നത് വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം ചെറിയ കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്നത് ഒഴിവാക്കി പിഴ ചുമത്തുന്നത് മാത്രം പ്രയോഗത്തില്‍ വരുത്താനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.
ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ 1000 രൂപ പിഴയോ, ആറു മാസം വരെ ജയില്‍വാസമോ ആണ് ഇപ്പോഴത്തെ ശിക്ഷ. ചെറിയ കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷ ഒഴിവാക്കുന്നത് സംബന്ധിച്ച് റെയില്‍വേ ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. നിലവില്‍ റെയില്‍വേ ആക്ടിന്റെ പരിധിയില്‍ 37 കുറ്റങ്ങളാണ് വരുന്നത്.
Discussion about this post