ഡൽഹി : ഇന്ത്യൻ-ചൈന അതിർത്തിയിൽ ഉണ്ടായ ചൈനയുടെ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.”ഇന്ത്യ എന്നും സമാധാനമാണ് ആഗ്രഹിച്ചത്. പക്ഷെ, പ്രകോപിപ്പിച്ചാൽ തക്കതായ തിരിച്ചടി നൽകാൻ ഇന്ത്യ സർവസജ്ജമാണ് “എന്ന് നരേന്ദ്രമോദി വ്യക്തമാക്കി.അതിർത്തിയിൽ ആക്രമണം ഉണ്ടായതിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്.ഇന്ത്യൻ സൈനികരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും പരമാധികാരവും പരമപ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
ഇന്ത്യ -ചൈന അതിർത്തിയിലെ സാഹചര്യങ്ങൾ വിലയിരുത്താൻ മോദി വെള്ളിയാഴ്ച സർവ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കും.ഗാൽവൻ വാലിയിലുണ്ടായ ചൈനയുടെ ആക്രമണത്തിൽ ഇന്ത്യക്ക് 20 സൈനികരെയാണ് നഷ്ടപ്പെട്ടത്.ഒരു കമാൻഡിങ് ഓഫീസറുൾപ്പെടെ 40 ചൈനീസ് സൈനികരും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.











