മലപ്പുറം: സിപിഐയുടെ സാംസ്കാരിക മുഖമായ യുവകലാസാഹിതിയുടെ സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും മലബാര്‍ കലാപം മഹത്തായ ജന്മിവിരുദ്ധ പോരാട്ടവും സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭവുമാണെന്ന് സ്ഥാപിക്കുമ്പാള് വ്യത്യസ്തമായ നിലപാടുമായി സംഘടനയുടെ സംസ്ഥാന സെക്രട്ടറി എ പി അഹമ്മദ് രംഗത്ത്.
യുവകലാസാഹിതി മലപ്പുറം ജില്ലാ കമ്മിറ്റി സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പരിപാടിയില്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ. ‘തുര്‍ക്കിയിലെ ഖലീഫയുടെ പദവി ബ്രിട്ടീഷുകാര്‍ എടുത്തു കളഞ്ഞപ്പോള്‍ അത് മുസ്ലീങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തി. ആഗോളതലത്തില്‍ ബ്രിട്ടനെതിരെ വലിയ പ്രതിഷേധമുണ്ടായി. ആ മുസ്ലിം പ്രതിഷേധത്തെ ഇന്ത്യയിലെ ദേശീയ സ്വാതന്ത്ര്യ സമരത്തോട് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയിലെ സാമ്രാജ്യത്വ വിരുദ്ധ സമരം ശക്തമാക്കാനാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. സത്യത്തില്‍ ആ തീരുമാനം വലിയൊരു അബദ്ധമായിരുന്നു. മുസ്ലീങ്ങള്‍ ലോകത്തെവിടെയും ഏത് ലക്ഷ്യത്തിന് വേണ്ടി നടത്തിയ സമരങ്ങള്‍ ഒരിക്കല്‍ പോലും അഹിംസാപരമായിരുന്നില്ല. കായികമായ പോരാട്ടങ്ങള്‍ക്ക് പേരുകേട്ടവരാണ് ലോകത്തെവിടെയും മുസ്ലിം സമുദായം. അതുകൊണ്ട് തന്നെ ഈ വിഭാഗത്തിന്റെ ശക്തി ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കാതെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഖിലാഫത്ത് പ്രസ്ഥാനത്തെ കൂട്ടിച്ചേര്‍ത്തത്’- എ പി അഹമ്മദ് ചൂണ്ടിക്കാട്ടി.
ജന്മിത്വ, സാമ്രാജ്യത്വ വിരുദ്ധ കാഴ്ചപ്പാടോടെ ആരംഭിച്ച സമരം വളരെ പെട്ടന്ന് ഹിന്ദു വിരുദ്ധമായി തീരുകയും വ്യാപകമായി ഹിന്ദു ജനത ആക്രമിക്കപ്പെടുകയും ചെയ്തു. ഇത് പറയാന്‍ സംഘപരിവാര്‍ വേണ്ട. കണ്ണു തുറന്നുവെച്ച് സത്യസന്ധമായി നോക്കിയാല്‍ ഏതൊരാള്‍ക്കും തിരിച്ചറിയാന്‍ കഴിയും. എത്രയോ പേര് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായി, ക്ഷേത്രങ്ങളും ഇല്ലങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ടു. കലാപത്തിന്റെ ബാക്കിപത്രം വേദനയോടെ ഓര്‍ക്കുന്ന മണ്ണാണ് ഏറനാട്, വള്ളുവനാട് പ്രദേശങ്ങള്‍. മലബാര്‍ കലാപത്തില്‍ ജന്മിത്വ വിരുദ്ധ, സാമ്രാജ്യത്വ വികാരം ഒക്കെയുണ്ടെങ്കിലും പ്രത്യക്ഷത്തില്‍ അതില്‍ മതപരമായ അംശമുണ്ടായിരുന്നു. കൊള്ളയും കൊലപാതകവും അറിയാതെ സംഭവിച്ച കാര്യങ്ങളല്ല. കലാപത്തിന്റെ ലക്ഷ്യത്തില്‍ തന്നെ അതെല്ലാമുണ്ടായിരുന്നു. അല്ലാതെ പലരും പറയുന്നതുപോലെ വഴിതെറ്റി സൗകര്യം കിട്ടിയപ്പോള്‍ കൊള്ളയും കൊലപാതകവും ബലാത്സംഗവും നടത്തിയതല്ലെന്നും എ പി അഹമ്മദ് വ്യക്തമാക്കി.
Discussion about this post