ഉത്തര്‍പ്രദേശ് : ഷാജഹാനെപ്പോലെ തന്റെ പ്രിയതമയുടെ ഓര്‍മയ്ക്കായി താജ്മഹലിന്റെ മാതൃക നിര്‍മ്മിക്കുന്ന ഉത്തര്‍പ്രദേശിലെ 80 വയസ്സുകാരനായ ഫൈസുല്‍ ഹസ്സന്‍ ഖദ്രിയെ യുപി സര്‍ക്കാര്‍ സഹായിക്കും.
ബുലന്ദ്ഷഹറിലെ കസര്‍ കലന്‍ ഗ്രാമത്തിലെ പോസ്റ്റ്മാനായിരുന്നു ഫൈസുല്‍ ഹസ്സന്‍. 1953 ല്‍ ഇദ്ദേഹം താജമുല്ലിയെ വിവാഹം ചെയ്തു. 2011 ല്‍ താജമുല്ലി തൊണ്ടയില്‍ ബാധിച്ച കാന്‍സര്‍ മൂലം മരിച്ചു. തന്റെ കൃഷിയിടത്തില്‍ തന്നെ ഭാര്യയ്ക്ക് കബറടക്കം ഒരുക്കി. തുടര്‍ന്നാണ് ഭാര്യയുടെ ഓര്‍മയ്ക്കായി ഒരു ചെറിയ താജ്മഹല്‍ പണിയണമെന്ന ആഗ്രഹം തോന്നിയത്. 2011ലാണ് ഖദ്രി താജ്മഹല്‍ പണിയാന്‍ തുടങ്ങിയത്. കബറടക്കം ചെയ്ത സ്ഥലത്ത് കയ്യിലുണ്ടായിരുന്ന സമ്പാദ്യം ഉപയോഗിച്ച് താജ്മഹലിന്റെ നിര്‍മാണം തുടങ്ങി. ഗ്രാമത്തിലെ കല്‍പ്പണിക്കാരനായ അസ്ഹറിന്റെ സഹായത്തോടെയായിരുന്നു നിര്‍മ്മാണം.
മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ കയ്യിലുണ്ടായിരുന്ന പണമെല്ലാം തീര്‍ന്നു. ഒടുവില്‍ കൈവശമുണ്ടായിരുന്ന ഭൂമി ആറു ലക്ഷം രൂപയ്ക്ക് വിറ്റു. ഭാര്യയുടെ സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ 1.5 ലക്ഷം രൂപയ്ക്കും വിറ്റ് കാശുണ്ടാക്കി. താജ്മഹലിന്റെ നിര്‍മ്മാണം വീണ്ടും തുടങ്ങി. മൊത്തം 11 ലക്ഷം രൂപയോളം ചെലവാക്കി താജ്മഹലിന്റെ നിര്‍മാണം ഏകദേശം പൂര്‍ത്തിയാക്കി. എന്നാല്‍ മാര്‍ബിള്‍ പിടിപ്പിക്കുന്നതിനോ ഒരു പൂന്തോട്ടം നിര്‍മ്മിക്കുന്നതിനോ പണം തികഞ്ഞില്ല. ഇനിയും അതിന് ആറോ ഏഴോ ലക്ഷം രൂപ വേണ്ടിവരും.
ഈ വാര്‍ത്ത കേട്ട ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇടപെട്ടാണ് ഖദ്രിയുടെ സ്വപ്നം സഫലീകരിക്കുന്നത്. ജില്ലാ മജിസ്‌ട്രേറ്റ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അവര്‍ ഖദ്രിയെ വിളിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഏതാനും ദിവസം കഴിയുമ്പോള്‍ ഞാന്‍ മരിക്കും. എന്റെ ഭാര്യയെ കബറടക്കം ചെയ്തതിനു സമീപത്തുതന്നെ തന്നെയും കബറടക്കണമെന്ന് എന്റെ സഹോദരനോട് പറഞ്ഞിട്ടുണ്ട്,. മരിക്കുന്നതിനു മുന്‍പ് എന്റെ ഭാര്യയുടെ ഓര്‍മയ്ക്കായി പണിത് തുടങ്ങിയ ഈ താജ്മഹല്‍ പൂര്‍ത്തീകരിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും ഫൈസുല്‍ ഹസ്സന്‍ പറയുന്നു.
Discussion about this post