ഡല്‍ഹി; റോഡപകടങ്ങളില്‍പ്പെട്ട് ആശുപത്രിയിലാകുന്നവര്‍ക്ക് സൗജന്യ ചികിത്സാ പദ്ധതിയുമായി കേന്ദ്രഗവണ്മെന്റ്. കേന്ദ്ര ഗവന്മെന്റിന്റെ ഗതാഗത മന്ത്രാലയമാണ് വിപ്‌ളവകരമായ പുതിയ പദ്ധതി ആരംഭിക്കുന്ന കാര്യം അറിയിച്ചത്. ഇന്ത്യന്‍ റോഡുകളില്‍ അപകടത്തില്‍പ്പെടുന്ന ഇന്ത്യക്കാരനോ വിദേശിയോ ആയ ഏതൊരാള്‍ക്കും സൗജന്യമായ ചികിത്സ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് കേന്ദ്രഗതാഗത മന്ത്രാലയം നടപ്പില്‍ വരുത്താനൊരുങ്ങുന്നത്.
അപകടം നടന്നുകഴിഞ്ഞ് ആദ്യത്തെ ഒരുമണിക്കൂര്‍ സമയം നിര്‍ണ്ണായകമാണ്. ഈ സമയത്ത് വിദഗ്ധ ചികിത്സ ലഭിച്ചാല്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷപെടുത്താനുള്ള സാദ്ധ്യത പതിന്മടങ്ങാണ് കൂടുന്നത്. അപകടം നടന്നുകഴിഞ്ഞ് ആദ്യത്തെ ഈ ഒരു മണിക്കൂറിനെ സുവര്‍ണ്ണ മണിക്കൂര്‍ എന്നാണ് അറിയപ്പെടുന്നത്. എത്രയും പെട്ടെന്ന് ഈ സമയത്തിനുള്ളില്‍ രോഗിക്ക് ചികിത്സ ഉറപ്പുവരുത്തുകയാണ് പുതിയ പദ്ധതിയുടെ പ്രധാന ഉദ്ദേശം.
പ്രധാനമന്ത്രി ജന ആരോഗ്യ യോജനയുടെ കീഴിലാണ് ഈ പുതിയ പദ്ധതി വരുന്നത്. ദേശീയ ആരോഗ്യ അതോറിറ്റിയെ ഈ പദ്ധതി നടപ്പില്‍ വരുത്താനുള്ള നോഡല്‍ ഏജന്‍സി ആയി നിയമിക്കും എന്നാണറിയുന്നത്.
ഒരു വര്‍ഷം ഏതാണ്ട് ഒരുലക്ഷത്തി അന്‍പതിനായിരത്തോളം ജനങ്ങളാണ് ഇന്ത്യയില്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നത്. ഓരോ ദിവസവും 1200 അപകടങ്ങളാണ് നടക്കുന്നത്. മിക്ക അപകടങ്ങളിലും സമയത്ത് ചികിത്സയെത്തിച്ചാല്‍ മരണം ഒഴിവാക്കാം എന്നാണ് വിദഗ്ധാഭിപ്രായം. ഇപ്പോള്‍ സ്വകാര്യ ആശുപത്രികള്‍ ചികിത്സയ്ക്കായുള്ള പണമെത്തുന്നതു വരെ പലപ്പോഴും ചികിത്സ താമസിപ്പിക്കാറുള്ളതുകൊണ്ട് വിലയേറിയ മനുഷ്യജീവനുകളാണ് നഷ്ടപ്പെടുന്നത്. അത് ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്.
അപകടം നടക്കുന്ന സമയം ഏതെങ്കിലും ക്ഷേമനിധിയില്‍ അംഗമായിട്ടുള്ള വാഹനങ്ങളില്‍ നിന്ന് അപകടം സംഭവിക്കുന്നവര്‍ക്ക് ജനറല്‍ ഇന്‍ഷൂറന്‍സ് കൗണ്‍സിലില്‍ നിന്നും അല്ലാത്തവര്‍ക്ക് കേന്ദ്ര ഗതായത ഹൈവേ മന്ത്രാലയത്തില്‍ നിന്നുമുള്ള നിധി ഉപയോഗിച്ചായിരിയ്ക്കും ചികിത്സയ്ക്കുള്ള തുക കേന്ദ്രഗവണ്മെന്റ് അടയ്ക്കുന്നത്.
തുടക്കത്തില്‍ 2.5 ലക്ഷം രൂപവരെയുള്ള ചികിത്സയാണ് സൗജന്യമായി നല്‍കുന്നത്. അടിയന്തിര ചികിത്സ നല്‍കുന്നതിന് 2.5 ലക്ഷത്തില്‍ കൂടുതല്‍ തുക ആശുപത്രികള്‍ക്ക് ഈടാക്കാനാകില്ല എന്ന ഒരു നിയമവും നടപ്പിലാക്കാന്‍ കേന്ദ്രഗവണ്മെന്റ് പദ്ധതിയിടുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.








Discussion about this post