ഇന്ത്യയിൽ നടക്കാനിരിക്കുന്ന 2026-ലെ ടി20 ലോകകപ്പുമായി ബന്ധപ്പെട്ട് ഐസിസിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡും തമ്മിലുള്ള പോര് മുറുകുന്നു. സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച പാകിസ്താൻ, തങ്ങളും പിന്മാറുമെന്ന സൂചന നൽകിയതോടെയാണ് ഐസിസി നിലപാട് കടുപ്പിച്ചത്. ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചാൽ പാകിസ്താൻ്റെ രാജ്യാന്തര തലത്തിൽ കടുത്ത വിലക്കുകൾ ഏർപ്പെടുത്തുമെന്ന് ഐസിസി മുന്നറിയിപ്പ് നൽകി.
ഇന്ത്യയോടുള്ള രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ബംഗ്ലാദേശിനെ മറയാക്കി പാകിസ്താൻ നടത്തുന്ന നീക്കങ്ങളാണ് ഐസിസിയെ ചൊടിപ്പിച്ചത്. പിസിബി ചെയർമാനും പാക് ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‌വി ഐസിസിക്കെതിരെ ‘ഇരട്ടത്താപ്പ്’ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നടപടികൾക്ക് ഐസിസി തുടക്കമിട്ടത്. പാകിസ്താൻ ടൂർണമെന്റ് ബഹിഷ്‌കരിച്ചാൽ ഏഷ്യ കപ്പിൽ നിന്ന് അവരെ പുറത്താക്കുന്നതിനും പാകിസ്താനുമായുള്ള എല്ലാ ഉഭയകക്ഷി പരമ്പരകളും റദ്ദാക്കുന്നതിനും ഐസിസി ആലോചിക്കുന്നുണ്ട്.
കൂടാതെ, പാകിസ്താൻ സൂപ്പർ ലീഗിൽ വിദേശ താരങ്ങൾ കളിക്കുന്നത് തടയാനായി എൻഒസി നിഷേധിക്കുന്നതടക്കമുള്ള കർശനമായ നയങ്ങൾ സ്വീകരിക്കാനും ഐസിസിക്ക് പദ്ധതിയുണ്ട്. ഇത് പാക് ക്രിക്കറ്റിന്റെ വരുമാന സ്രോതസ്സുകളെ പൂർണ്ണമായും തകർക്കും. ഇന്ത്യയിലെ ലോകോത്തര സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും ലോകകപ്പ് പോലുള്ള വലിയ മേളകളെ അട്ടിമറിക്കാനുള്ള പാകിസ്താൻ്റെ ശ്രമങ്ങൾ അനുവദിക്കാനാവില്ലെന്നുമാണ് ഐസിസിയുടെ നിലപാട്. നേരത്തെ, ടൂർണമെന്റിൽ നിന്ന് പിന്മാറിയ ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡിനെ ഐസിസി ഉൾപ്പെടുത്തിയിരുന്നു. പാകിസ്താനും പിന്മാറുന്ന പക്ഷം മറ്റൊരു ടീമിനെ ടൂർണമെന്റിലെത്തിച്ച് മുന്നോട്ട് പോകാനാണ് ഐസിസിയുടെ തീരുമാനം.









Discussion about this post