ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ അനിയന്ത്രിതമായി തുടരുന്നു. നർസിംഗ്ദി ജില്ലയിൽ 23 വയസ്സുകാരനായ ഹിന്ദു യുവാവിനെ ഗാരേജിനുള്ളിലിട്ട് പെട്രോളൊഴിച്ച് ചുട്ടുകൊന്നു. കുമില്ല സ്വദേശിയായ ചഞ്ചൽ ചന്ദ്ര ഭൗമിക് ആണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ചഞ്ചൽ ഉറങ്ങിക്കിടന്ന ഗാരേജിന് പുറത്തുനിന്ന് ഷട്ടറിനിടയിലൂടെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ആസൂത്രിതമായ കൊലപാതകമാണിതെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ചഞ്ചൽ വർഷങ്ങളായി നർസിംഗ്ദിയിലെ ഗാരേജിൽ ജോലി ചെയ്തുവരികയായിരുന്നു. അതിതീവ്ര ഇസ്ലാമിക നിലപാടുകൾ പിന്തുടരുന്ന അക്രമി സംഘമാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഷട്ടർ പൂട്ടിയ നിലയിലായതിനാൽ ചഞ്ചലിന് പുറത്തുകടക്കാനായില്ല. അഗ്നിശമന സേനയെത്തി തീയണച്ചപ്പോഴേക്കും യുവാവിന്റെ ശരീരം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
അടുത്തിടെ ഭാരതവിരുദ്ധ നിലപാടുകൾക്ക് പേരുകേട്ട തീവ്രവാദി വിദ്യാർത്ഥി നേതാവ് ശരീഫ് ഉസ്മാൻ ഹാദി കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. ഡിസംബറിൽ ഈശ്വരനിന്ദ ആരോപിച്ച് ദീപു ചന്ദ്ര ദാസ് എന്ന വസ്ത്രശാലാ ജീവനക്കാരനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീ കൊളുത്തിയിരുന്നു.ഇതിന് പിന്നാലെ അമൃത് മൊണ്ടാൽ, ലിറ്റൺ ചന്ദ്ര ദാസ് എന്നിവരും സമാനമായ രീതിയിൽ കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഹൈന്ദവ സമൂഹത്തെ ഭയപ്പെടുത്തി ആട്ടിയോടിക്കാനുള്ള നീക്കമാണ് അവിടെ നടക്കുന്നതെന്ന് ആഗോള തലത്തിൽ തന്നെ വിമർശനമുയരുന്നുണ്ട്. ഷെയ്ഖ് ഹസീനയുടെ പതനത്തിന് പിന്നാലെ ബംഗ്ലാദേശിൽ തീവ്രവാദ ഗ്രൂപ്പുകൾ പിടിമുറുക്കുന്നത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.









Discussion about this post