രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ച സൈനികന്റെ കുടുംബത്തിന്റെ അന്തസ്സും സുരക്ഷയും സംരക്ഷിക്കാൻ ഇന്ത്യൻ സൈന്യം എന്നും പ്രതിജ്ഞാബദ്ധമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെടുന്നു. അന്തരിച്ച ടെറിട്ടോറിയൽ ആർമി ഓഫീസറുടെ മകൾ അഞ്ജന ഭട്ടിന്, സാമൂഹിക വിരുദ്ധർ അനധികൃതമായി കൈയേറിയ തന്റെ കുടുംബവീട് ഇന്ത്യൻ സൈന്യവും ഉത്തർപ്രദേശ് സർക്കാരും ചേർന്ന് വീണ്ടെടുത്തു നൽകി. നീണ്ട നിയമപോരാട്ടങ്ങൾക്കും ദുരിതങ്ങൾക്കും ഒടുവിലാണ് ജനുവരി ഒന്നിന് വീട് അഞ്ജനയ്ക്ക് തിരികെ ലഭിച്ചത്. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെയും സൈന്യത്തിന്റെയും കൃത്യമായ ഏകോപനമാണ് ഈ നീതി നടപ്പാക്കൽ വേഗത്തിലാക്കിയത്.
രോഗബാധിതയും കുടുംബത്തിന്റെ പിന്തുണയില്ലാത്തതുമായ അവസ്ഥയിൽ ഒറ്റപ്പെട്ടുപോയ അഞ്ജനയുടെ സാഹചര്യം മുതലെടുത്താണ് പ്രാദേശിക ഗുണ്ടകൾ വീട് കൈയേറിയത്. വിവരമറിഞ്ഞ ഇന്ത്യൻ സൈന്യത്തിന്റെ സെൻട്രൽ ഉത്തർപ്രദേശ് സബ് ഏരിയ വിഭാഗം ഉടൻ ഇടപെടുകയായിരുന്നു. അഞ്ജനയുടെ സംരക്ഷണത്തിനായി മേജർ വിശാൽ കനോജിയയെ ‘ഫോസ്റ്റർ ഗാർഡിയനായി’ സൈന്യം ചുമതലപ്പെടുത്തി. ജില്ലാ ഭരണകൂടവുമായും പോലീസുമായും ചേർന്ന് സൈന്യം നടത്തിയ നിയമപരമായ നീക്കങ്ങൾക്കൊടുവിൽ കൈയേറ്റക്കാരെ ഒഴിപ്പിക്കുകയായിരുന്നു. സൈനിക കുടുംബങ്ങളെ സംരക്ഷിക്കുക എന്നത് കേവലം ഔദ്യോഗിക പദവിയല്ല, മറിച്ച് ധാർമ്മികമായ ഉത്തരവാദിത്തമാണെന്ന് സൈന്യം ഈ നീക്കത്തിലൂടെ വ്യക്തമാക്കി.
വീട് തിരികെ ലഭിച്ചതിന് പിന്നാലെ അഞ്ജന ഭട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരിൽ കണ്ട് നന്ദി അറിയിച്ചു. മേജർ ജനറൽ മനീഷ് കുക്രേതിയും മറ്റ് സൈനിക ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഉത്തർപ്രദേശിലെ ക്രമസമാധാന നില മെച്ചപ്പെട്ടതും മാഫിയകൾക്കെതിരെയുള്ള കർശന നടപടികളും സൈന്യത്തിന് വലിയ പിന്തുണയായെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.









Discussion about this post