ഇന്ത്യൻ സൈന്യത്തിന്റെ ആയുധസജ്ജമായ ‘രുദ്ര’ ഹെലികോപ്റ്റർ പറത്താൻ യോഗ്യത നേടിയ ആദ്യ വനിതാ പൈലറ്റ് എന്ന അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുകയാണ് ക്യാപ്റ്റൻ ഹൻസജ ശർമ്മ. കഠിനാധ്വാനവും തളരാത്ത പോരാട്ടവീര്യവും കൊണ്ട് ആകാശസീമകളിൽ പുതിയ ചരിത്രമെഴുതുകയാണ് ഈ 27-കാരി.
ലക്ഷ്യത്തിലേക്കുള്ള കഠിനപാത “Be brutal to yourself” നിങ്ങളോട് തന്നെ ഏറ്റവും കർക്കശമായി പെരുമാറുക. സ്കൂൾ പഠനകാലം മുതൽ ഹൻസജ തന്റെ മുറിയിലെ ചുവരിൽ കുറിച്ചിട്ട വാക്കുകളാണിത്. ഹൻസജയെ സംബന്ധിച്ച് അത് വെറുമൊരു പ്രചോദന വാക്യമല്ല. ആ വാക്കും അതിൻറെ അർത്ഥവും സ്വന്തം ജീവിതത്തിൽ അത് പ്രായോഗികമാക്കിയാണ് ഹൻസജ ഈ നേട്ടത്തിലേക്ക് പറന്നുയർന്നത് . ജമ്മു സ്വദേശിയായ ഹൻസജ, സെന്റ് സേവ്യേഴ്സ് കോൺവെന്റിലെ സ്കൂൾ പഠനത്തിന് ശേഷം പരേഡ് കോളേജിൽ നിന്ന് ബിരുദവും ജമ്മു സർവ്വകലാശാലയിൽ നിന്ന് ഉപരിപഠനവും പൂർത്തിയാക്കി.
യാതൊരുവിധ പ്രത്യേക കോച്ചിംഗിന്റെയും സഹായമില്ലാതെയാണ് ഹൻസജ ഇന്ത്യൻ ആർമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ആ യാത്ര അത്ര എളുപ്പമായിരുന്നില്ല. ശാരീരികക്ഷമത പരിശോധനയിൽ മൂക്കിന് നേരിയ വൈകല്യം കണ്ടെത്തിയതിനെത്തുടർന്ന് സൈന്യം ആദ്യം ഹൻസജയെ തള്ളിക്കളഞ്ഞിരുന്നു. എന്നിട്ടും ഹൻസജ തളരാൻ തയ്യാറായിരുന്നില്ല. വെറും 15 ദിവസത്തിനുള്ളിൽ മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയയായി തൻറെ പരിമിതി ഹൻസജ മറികടന്നു. സൈന്യത്തിന്റെ ‘ഒലിവ് ഗ്രീൻ’ യൂണിഫോം അണിയണമെന്ന വാശിയോടെ തിരിച്ചെത്തി.
നാസിക്കിലെ കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിംഗ് സ്കൂളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയാണ് ഹൻസജ വിജയത്തിലേക്ക് പറന്നുയരുന്നത്. ഹെലികോപ്റ്ററിൽ ഹൻസജ നടത്തിയ പ്രകടനം രാജ്യം അഭിമാനത്തോടെയാണ് നോക്കിക്കണ്ടത്. നിലവിൽ 251 ആർമി ഏവിയേഷൻ സ്ക്വാഡ്രന്റെ ഭാഗമാണ് ഹൻസജ ശർമ്മ.
ഹൻസജയുടെ ഈ വിജയത്തിന് പിന്നിൽ ഒരു ഒറ്റയാൾ പോരാട്ടത്തിന്റെ കഥ കൂടിയുണ്ട്. ഹൻസജയുടെ അമ്മ രശ്മി ശർമ്മയുടേതാണ് ആ കഥ. ഒരു സിംഗിൾ മദർ എന്ന നിലയിൽ മക്കളുടെ പഠനത്തിനും വളർച്ചയ്ക്കുമായി തനിക്ക് ഉള്ളതെല്ലാം വിറ്റഴിച്ചാണ് രശ്മി മകളെ വളർത്തിയത്. മകളുടെ അച്ചടക്കത്തെക്കുറിച്ച് അമ്മയ്ക്ക് പറയാൻ നൂറു നാവാണ്. “വീട്ടിലായിരിക്കുമ്പോൾ പോലും ഒരു ഓഫീസറുടെ അച്ചടക്കമാണ് അവൾക്ക്. ജിമ്മും ഭക്ഷണക്രമവും തെറ്റിക്കില്ല. സൈന്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങൾ പോലും അവൾ ഉപേക്ഷിച്ചു,” രശ്മി ഓർക്കുന്നു.
എല്ലാ അതിർത്തികളിലും തകർത്ത് ഞാൻ എന്നെങ്കിലും പറന്നുയരും, എത്ര തടസ്സങ്ങളുണ്ടായാലും ആകാശത്ത് എന്റേതായ ഒരിടം ഞാൻ കണ്ടെത്തും. സ്ത്രീയായതിൽ ഞാൻ അഭിമാനിക്കുന്നു…” എന്ന് ഹൻസജ പണ്ട് കുറിച്ച വരികൾ ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദിയും ഹൻസജയുടെ നേട്ടത്തെ പ്രശംസിച്ചിരുന്നു.
രാജ്യത്തിനുവേണ്ടി ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ തയ്യാറായ ഈ യുവ പൈലറ്റ്, സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് പെൺകുട്ടികൾക്ക് വലിയൊരു പ്രചോദനമാണ്. പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ, തന്നോട് തന്നെ കർക്കശമായി പെരുമാറി ലക്ഷ്യത്തിലേക്ക് കുതിച്ചാൽ ഏതൊരു പെൺകുട്ടിക്കും ആകാശം കീഴടക്കാമെന്ന് ഹൻസജ ശർമ്മ തെളിയിക്കുന്നു.













Discussion about this post