മുംബൈ: മുംബൈ വിമാനത്താവളം നടത്തുന്ന കമ്പനികളിലൊന്നായ ജിവികെ ഗ്രൂപ്പ് ഉടമസ്ഥന്‍ ജിവികെ റെഡ്ഡിക്കും കമ്പനിയ്ക്കുമെതിരെ അഴിമതിക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള കമ്പനിയാണ് ജി വി കെ ഗ്രൂപ്പ് .
മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ നടത്തിപ്പില്‍ എഴുനൂറിലധികം കോടിയുടെ ക്രമക്കേടുകള്‍ പ്രഥമദൃഷ്ട്യാ കണ്ടെത്തിയെന്നാരോപിച്ചാണ് കുറ്റപത്രം സമര്‍പ്പിച്ചിരിയ്ക്കുന്നത്.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടേയും ജി വി കെ ഗ്രൂപ്പിന്റേയും മറ്റു ചില കമ്പനികളുടേയും സംയുക്ത സംരംഭമാണ് മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. 2006ലാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആധുനികവല്‍ക്കരണത്തിനായി ജി വി കെ ഗ്രൂപ്പുമായി കരാറില്‍ ഏര്‍പ്പെടുന്നത്.
ജിവികെ ഗ്രൂപ്പ് അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും മുംബൈ വിമാനത്താവളത്തിലെ പ്രധാന വാണിജ്യസ്ഥാപനങ്ങള്‍ വെറും തുച്ഛമായ വിലയ്ക്ക് തീറെഴുതി നല്‍കിയെന്നും വിമാന ടിക്കറ്റുകള്‍ വാങ്ങാനും ഹോട്ടല്‍ ബുക്കിങ്ങിനും മറ്റുമായി ജി വി കെ ഗ്രൂപ്പ് കമ്പനി ഉടമസ്ഥരുടെ ബന്ധുക്കള്‍ക്കും ജീവനക്കാര്‍ക്കും പിന്‍വാതില്‍ കരാറുകള്‍ നല്‍കിയെന്നതുമാണ് സി ബി ഐ കണ്ടെത്തിയിരിക്കുന്നത്. ജി വി കെ ഗ്രൂപ്പ് കമ്പനികളിലെ ഉടമസ്ഥരുടെ ബന്ധുക്കളും മറ്റു ജീവനക്കാരും ഗവണ്മെന്റ് ഉദ്യോഗസ്ഥരുമടക്കം പതിമൂന്ന് പേര്‍ക്കെതിരെയാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
2011ല്‍ യു പി എ സര്‍ക്കാര്‍ പത്മഭൂഷണ്‍ കൊടുത്ത് ആദരിച്ച ബിസിനസ്സുകാരനാണ് ജി വി കെ ഗ്രൂപ്പ് ഉടമസ്ഥനായ ജി വി കെ റെഡ്ഡി.











Discussion about this post