ശ്രീനഗർ: കഴിഞ്ഞ രാത്രി സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് കൊടും ഭീകരൻ ഷഹീദ് ദാസാണെന്ന് സൈന്യം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം ബിജ്ബെഹാരയിൽ നടന്ന ആക്രമണത്തിൽ പങ്കെടുത്ത ശേഷം ഇയാൾ ഒളിവിൽ താമസിച്ച് വരികയായിരുന്നു.
ജൂൺ 26നായിരുന്നു ബിജ്ബെഹാരയിൽ ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ആറു വയസ്സുകാരനും ഒരു സി ആർ പി എഫ് ജവാനും ജീവൻ നഷ്ടമായിരുന്നു. ഇന്നലെ ശ്രീനഗറിൽ വെച്ച് നടന്ന ഏറ്റുമുട്ടലിലാണ് ഷഹീദ് ദാസിനെ സൈന്യം വധിച്ചത്. . ദൗത്യത്തിനിടെ ഒരു സി ആർ പി എഫ് ജവാനും വീരമൃത്യു വരിച്ചു.
ഷഹീദ് ദാസിനോടൊപ്പം മറ്റൊരു ഭികരനെ കൂടി സൈന്യം വധിച്ചിരുന്നു. വെടി നിർത്തൽ ലംഘനം നടത്തിയ പാകിസ്ഥാൻ പട്ടാളത്തിന് തക്കതായ തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യം രണ്ട് പാക് സൈനികരെയും വകവരുത്തിയിരുന്നു.
ജമ്മു കശ്മീർ പൊലീസും സി ആർ പി എഫും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.










