പേരാമ്പ്ര : മാനിറച്ചി പിടികൂടിയ കേസിൽ മുൻകൂർ ജാമ്യം നേടിയ യുവാവിനെ വനപാലകർ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതായി പരാതി.പേരാമ്പ്ര എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ പുതുക്കുടി സച്ചിദാനന്ദനെ (26) വനപാലകർ കസ്റ്റഡിയിലെടുത്തു മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ച സച്ചിദാനന്ദനെ ഏറെനേരത്തിനു ശേഷവും കാണാതായതിനെ തുടർന്ന് മാതാവ് അല്ലിറാണിയും ഭാര്യ അനുഷയും പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷനിലെത്തി കുത്തിയിരിപ്പ് സമരം നടത്തി.വനപാലകർ മർദിച്ചെന്ന പരാതിയുമായി സച്ചിദാനന്ദൻ പേരാബ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.അതേ സമയം, ചോദ്യം ചെയ്യലിനിടയിൽ മർദ്ദനം ഉണ്ടായിട്ടില്ലെന്നും കോടതി ഉത്തരവ് ഉള്ളതിനാൽ പെട്ടെന്ന് തന്നെ വിട്ടയച്ചെന്നും വ്യക്തമാക്കി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.ഷജീബ് രംഗത്തു വന്നിട്ടുണ്ട്.












