ഇടുക്കി: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഇടുക്കിയിൽ മുന്നൂറോളം പേരെ പങ്കെടുപ്പിച്ച് മദ്യസൽക്കാരവും നിശാപാർട്ടിയും ബെല്ലി ഡാൻസും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയതിന്, തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യനെതിരേയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പാർട്ടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാൽ ആദ്യഘട്ടത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. പ്രതിഷേധത്തെ തുടർന്നാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പാർട്ടി നടന്ന ദിവസം റിസോർട്ടിൽ പരിശോധന നടത്താൻ പോലീസെത്തിയതായി നാട്ടുകാർ പറയുന്നു. എന്നാൽ ഉന്നത ഇടപെടലിനെത്തുടർന്ന് ഇവർ മടങ്ങുകയായിരുന്നുവെന്നാണ് ആരോപണം.
രാത്രി എട്ടിന് തുടങ്ങിയ പരിപാടി ആറു മണിക്കൂറോളം നീണ്ടു നിന്നു. മതമേലധ്യക്ഷന്മാരും സിനിമാതാരങ്ങളും ഇടുക്കിയിലെ ജനപ്രതിനിധികളടക്കം പൊതുപ്രവർത്തകരും ഉന്നതോദ്യോഗസ്ഥരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തിരുന്നതായും വിവരമുണ്ട്. ബെല്ലി ഡാൻസിനായി നർത്തകിയെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിച്ചെന്നാണ് റിപ്പോർട്ട്.
Discussion about this post