തിരുവനന്തപുരം: സംസ്ഥാനത്തെ ഇടത് മുന്നണിയും യുഡിഎഫും ബിജെപിക്കെതിരെ കൈകോർക്കുന്നതായി പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൽ ഡി എഫ്- യു ഡി എഫ് ധാരണ പരസ്യമാണെന്ന് അദ്ദേഹം ആരോപിച്ചു. എന്ത് വില കൊടുത്തും തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുമെന്ന കോടിയേരിയുടെ പ്രസ്താവനയോട് യുഡിഎഫ് പ്രതികരിക്കാത്തത് ധാരണ പ്രകാരമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
മിക്കയിടങ്ങളിലും ഇടത് മുന്നണിയും യുഡിഎഫും ഇപ്പോൾ തന്നെ ധാരണയിലാണ്. പാലക്കാട് നഗരസഭയിലെ പല വാർഡുകളിലും തിരുവനന്തപുരം കോർപ്പറേഷനിലും ഇത് പ്രകടമാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടാനുള്ള മുസ്ലീം ലീഗിന്റെ നീക്കത്തിന് കോൺഗ്രസ്സിന്റെ പിന്തുണയുണ്ടെന്നും വെൽഫയർ പാർട്ടിയടക്കമുള്ളവരുമായി മുസ്ലീം ലീഗ് നടത്താൻ ഉദ്ദേശിക്കുന്ന പ്രാദേശിക സഹകരണം എന്തടിസ്ഥാനത്തിലാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചോദിച്ചു.












