ഡൽഹി: സംഘർഷഭൂമിയിൽ നിന്നുള്ള സേനാ പിന്മാറ്റം പൂർണ്ണം. പട്രോളിംഗ് പോയിന്റ് പതിനഞ്ചിൽ ചൈന രണ്ട് കിലോമീറ്റർ പിന്മാറിയതായാണ് ഇന്ത്യൻ സൈനിക വൃത്തങ്ങൾ നൽകുന്ന വിവരം.
ഹോട്ട് സ്പ്രിംഗ്സിലും ഗോഗ്രയിലുമായുള്ള സേനാ പിന്മാറ്റം തിങ്കളാഴ്ചയായിരുന്നു ആരംഭിച്ചത്. സംഘർഷ മേഖലയിൽ നിന്നും ഒന്നു മുതൽ ഒന്നര കിലോമീറ്റർ വരെ പിന്മാറാനായിരുന്നു ഇരു സേനാ വിഭാഗങ്ങളും തമ്മിലുണ്ടാക്കിയ ധാരണ. സേനാ പിന്മാറ്റം പൂർത്തിയായ ശേഷം ഇരു വിഭാഗങ്ങളും തമ്മിൽ ചർച്ചകൾ പുനരാരംഭിക്കുമെന്നും ധാരണയുണ്ടായിരുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ വകുപ്പ് മന്ത്രി വാംഗ് യിയും തമ്മിൽ ഞായറാഴ്ച നടന്ന ചർച്ചയിലായിരുന്നു സേനാ പിന്മാറ്റത്തിനും തുടർ ചർച്ചകൾക്കും ധാരണയായത്. യഥാർത്ഥ നിയന്ത്രണ രേഖയെ ഇരു വിഭാഗങ്ങളും മാനിക്കുമെന്നും ഏകപക്ഷീയമായ നടപടികളിലേക്ക് ഇരു കൂട്ടരും കടക്കില്ലെന്നും ഭാവിയിൽ സമാധാനാന്തരീക്ഷം തകർക്കുന്ന യാതൊരുവിധ നടപടികൾക്കും ഹേതുവാകില്ലെന്നും ഇരു രാജ്യങ്ങളും പരസ്പരം സമ്മതിച്ചിരുന്നു.
സേനയെ പിൻവലിച്ചതിന് പുറമെ ടെന്റുകളും സൈനിക വാഹനങ്ങളും ആയുധ വിന്യാസവും ചൈന പിൻവലിച്ചിട്ടുണ്ട്. ഇന്ത്യൻ സേനയും ധാരണ പ്രകാരം പിന്മാറ്റം നടത്തിയിട്ടുണ്ട്. പിന്മാറ്റം പൂർത്തിയായെങ്കിലും ഇന്ത്യൻ കര- വ്യോമ സേനകൾ അതിർത്തിയിൽ നിരീക്ഷണം തുടരുന്നതായും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.








