തിരുവനന്തപുരം : കള്ളക്കടത്തു കേസിലെ പ്രതികൾക്ക് സെക്രട്ടറിയേറ്റിന് സമീപത്തുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ ഫ്ലാറ്റ് ബുക്ക് ചെയ്തത് സെക്രട്ടറിയേറ്റ് ജീവനക്കാരൻ.ശിവശങ്കറിനു കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാരനാണെന്ന് വെളിപ്പെടുത്തി അരുൺ എന്നയാളാണ് ഫ്ലാറ്റ് ബുക്ക് ചെയ്തത്.അരുൺ തന്നെയാണ് ഫ്ലാറ്റ് ബുക്ക് ചെയ്തതെന്ന് ചോദ്യം ചെയ്യലിൽ ശിവശങ്കർ സമ്മതിച്ചിട്ടുണ്ട്.ഇയാളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അരുൺ എന്നയാൾ ശിവശങ്കറിന് കീഴിൽ ജോലി ചെയ്തിരുന്നോ എന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
ഫ്ലാറ്റ് ബുക്ക് ചെയ്തതിനു ശേഷം നിരവധി തവണ സ്വപ്നയുടെ ഭർത്താവ് ജയശങ്കറും ഫ്ലാറ്റിൽ വന്നിരിന്നുവെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം.ഇത് സ്വർണക്കടത്തു കേസിൽ സ്വപ്നയുടെ ഭർത്താവ് ജയശങ്കറിനും പങ്കുണ്ടെന്ന സംശയം കൂടുതൽ ശക്തിപ്പെടുത്തുന്നുണ്ട്.ഇന്നലെ കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്തപ്പോൾ നിർണായക തെളിവുകളാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്നത്.












