അമേരിക്കയിലെ രാഷ്ട്രീയ സാമ്പത്തിക മേഖലകളിലെ പ്രമുഖരുടെയും സെലിബ്രിറ്റികളുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ്, മുന്‍ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ, മുന്‍ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ജോ ബൈഡന്, ആമസോണ്‍ മേധാവി ജെഫ് ബസോസ്, ശതകോടീശ്വരന്‍ എലോണ്‍ മസ്ക് തുടങ്ങി നിരവധി പ്രമുഖരുടെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്.
ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന് ആവശ്യപ്പെട്ടാണ് ശതകോടീശ്വരന്മാരും രാഷ്ട്രീയ പ്രമുഖരും ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തത്. പണം ആവശ്യപ്പെട്ടുള്ള സന്ദേശം ഇവരുടെ അക്കൗണ്ടുകളിലും പ്രത്യക്ഷപ്പെട്ടു. ഇതിന് പിന്നാലെ അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കുന്ന നീല ടിക്ക് മാര്‍ക്ക് ട്വിറ്ററില്‍ നിന്ന് അപ്രത്യക്ഷമായി. പാസ്വേര്ഡ് മാറ്റാനുള്ള ശ്രമം പരാജയപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം തകരാറ് ശ്രദ്ധയില്‍പെട്ട മിക്ക അക്കൗണ്ടുകളും പുനഃസ്ഥാപിച്ചതായി റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ട്വിറ്റര്‍ അറിയിച്ചു.
പ്രശ്നം പൂര്‍ണ്ണമായി പരിഹരിക്കാന്‍ പ്രവര്‍ത്തിച്ച് വരികയാണെന്നും സാധ്യമാകും വേഗത്തില്‍ ഇതിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ട്വിറ്റര്‍ വ്യക്തമാക്കി.
Discussion about this post