ലഡാക്ക് ;കരസേനയുടെ പാരാ സ്പെഷ്യൽ ഫോഴ്സസ്, വ്യോമസേനയുടെ ഗരുഡ് കമാൻഡോ ഫോഴ്സ്, നാവികസേനയുടേ മാർകോസ്. ഇന്ത്യയുടെ മൂന്നു സേനാവിഭാഗങ്ങളുടേയും അതിശക്തമായ സ്പെഷ്യൽ ഫോഴ്സസ് കാമാൻഡോകളാണിത്. ഏത് ദുർഘടമായ പ്രതിസന്ധിഘട്ടങ്ങളിലും ശത്രുവിനെ തകർത്ത് തറപറ്റിക്കാനുള്ള തന്ത്രങ്ങളും ശക്തിയും ഒത്തിണക്കിയ പ്രത്യേക പരിശീലനം ലഭിച്ചവർ. അനേകം പരീക്ഷകളിലൂടെ തിരഞ്ഞെടുക്കുന്ന ഇവർ സൈന്യത്തിലെ ഏറ്റവും മികച്ച പോരാളികളാണ്. ഇവർക്കായി മാത്രം അനേകം വിശിഷ്ടായുധങ്ങളുമുണ്ട്. സേനയിലെ മറ്റുള്ളവർക്ക് പോലും അറിയാത്ത രഹസ്യായുധങ്ങൾ. ചിലതൊക്കെ മനപ്പൂർവം അവർ പ്രദർശിപ്പിക്കാറുമുണ്ട്. അങ്ങനെ സ്പെഷ്യൽ ഫോഴ്സസിന്റെ രണ്ട് രഹസ്യായുധങ്ങൾ ഈയിടെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ ലഡാക് സന്ദർശനവേളയിൽ മനപ്പൂർവമെന്നൊണം കാമറക്കണ്ണുകൾക്ക് മുന്നിലെത്തി.
സ്പെഷ്യൽ ഫോഴ്സസ് ഏറ്റവും പുതിയതായി കരസ്ഥമാക്കിയ ഫിനിഷ് സ്നൈപ്പർ റൈഫിളുകളും അമേരിക്കൻ ബാലിസ്റ്റിക് ഹെൽമറ്റുകളുമാണ് രാജ്‌നാഥ് സിംഗിനെ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർ അണിഞ്ഞിരുന്നതായി കാമറകൾ ഒപ്പിയെടുത്തത്. ഫിൻലാൻഡിൽ നിർമ്മിച്ച അത്യന്താധുനികമായ .338 SAKO സ്നൈപ്പർ റൈഫിളുകൾ ലോകത്തെത്തന്നെ ഏറ്റവും മികച്ച സ്നൈപ്പറുകളിലൊന്നാണ്. അഫ്ഗാനിസ്ഥാൻ യുദ്ധത്തിലും ഇറാഖ് യുദ്ധത്തിലുമൊക്കെ നാറ്റോ, അമേരിക്കൻ സൈന്യം ഉപയോഗിച്ചിരുന്ന ഈ റൈഫിളുകൾ 1500 മീറ്റർ ദൂരത്തിൽ കൃത്യമായി ലക്ഷ്യം ഭേദിക്കാൻ കഴിവുള്ളതാണ്. ഒന്നര കിലോമീറ്റർ ദൂരത്തിലിരിക്കുന്ന ശത്രുവിനെപ്പോലും കൃത്യമായി സ്നൈപ് ചെയ്ത് വധിക്കാൻ ഈ റൈഫിളുകൾക്ക് കഴിയും. ഇപ്പോൾ സേനയുടെ പക്കലുള്ള ബരേറ്റ .338 ലുപ മാഗ്നം, സ്കോർപിയോ ടി ജി ടി എന്നീ സ്നൈപ്പർ തോക്കുകൾക്ക് പുറമേയാണ് ഈ തോക്ക് സ്പെഷ്യൽ ഫോഴ്സസ് കരസ്ഥമാക്കിയിരിക്കുന്നത്.
മറ്റൊരു പ്രധാനപ്പെട്ട താരം പ്രതിരോധമന്ത്രിയെ സ്വീകരിക്കുന്നതിനിടയിൽ ഒരു കരസേനാ ഓഫീസർ ധരിച്ചിരുന്നതായി ശ്രദ്ധയിൽപ്പെട്ട ഒരു ഹെൽമറ്റാണ്. അമേരിക്കൻ നിർമ്മിതമായ എക്സ്ഫിൽ ഹൈ കട്ട് ബാലിസ്റ്റിക് ഹെൽമറ്റ് അതിശക്തമായ വെടിയുണ്ടകളെപ്പോലും തടഞ്ഞുനിർത്തി സൈനികരുടെ ജീവൻ രക്ഷിക്കാൻ പ്രാപ്തമായതാണ്. പ്രത്യേക കമാൻഡോ ഓപ്പറേഷനുകൾക്ക് മാത്രമായാണ് ഈ ഹെൽമറ്റുകൾ ഇപ്പോൾ ഉപയോഗിക്കുക എന്നാണറിയുന്നത്. ഈയിടെ സൈനികർക്കായി എ കെ 47നിൽ നിന്ന് പത്തുമീറ്റർ അകലത്തിൽ നിന്നുപോലും പായിക്കുന്ന വെടിയുണ്ടകൾ തടുക്കാൻ കഴിവുള്ള ഹെൽമറ്റുകളും വാങ്ങിയിരുന്നു.
പ്രതിരോധമന്ത്രിയുടെ സന്ദർശനത്തെത്തുടർന്ന് വിവിധ സൈനിക വിഭാഗങ്ങൾ തങ്ങളുടെ ആയുധങ്ങളും കവചിതവാഹനങ്ങളും പ്രദർശിപ്പിച്ചു. 17000 അടി ഉയരത്തിൽ നിന്ന് പാരാട്രൂപ്പർമാർ പാരച്യൂട്ട് ഉപയോഗിച്ച് ചാടുന്ന അഭ്യാസപ്രകടനവും നടത്തി. മറ്റു സൈനികാഭ്യാസങ്ങളും പ്രത്യേക വിഭാഗങ്ങൾ പ്രതിരോധമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടത്തുകയുണ്ടായി.ലഡാക്കിൽ പ്രതിരോധമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചൈനയ്ക്ക് നൽകിയ ശക്തമായ താക്കീതായാണ് ഇതിനെ പ്രതിരോധവിദഗ്ധർ കണക്കാക്കുന്നത്.












Discussion about this post