ന്യൂയോർക്ക്: അമേരിക്കയിലേക്ക് നിയമവിരുദ്ധമായി കുടിയേറാൻ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്ടുകൾ. ഓരോ 20 മിനിറ്റിലും ഒരു ഇന്ത്യൻ പൗരൻ വീതം യുഎസ് അതിർത്തിയിൽ വെച്ച് സുരക്ഷാ സേനയുടെ പിടിയിലാകുന്നുണ്ടെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ കണക്കുകൾ പറയുന്നത് . അതിസാഹസികവും അപകടം നിറഞ്ഞതുമായ വഴികളിലൂടെയുള്ള ഈ യാത്രകൾ പലപ്പോഴും വൻ ദുരന്തങ്ങളിലാണ് അവസാനിക്കുന്നത്.
ദാരിദ്യവും നിസ്സഹായാവസ്ഥയും മുതലെടുക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങൾ (Agents) ഇത്തരം യാത്രക്കാർക്ക് വ്യാജ വാഗ്ദാനങ്ങൾ നൽകി അവരെ മരണത്തിലേക്ക് തള്ളിവിടുകയാണ്. കൃത്യമായ രേഖകളില്ലാതെ അതിർത്തി കടക്കുന്നതിനിടെ പിടിക്കപ്പെടുന്നവർ ജയിലിലാകുകയോ നാടുകടത്തപ്പെടുകയോ ചെയ്യുന്നു. ജീവിതസമ്പാദ്യം മുഴുവൻ ഏജന്റുമാർക്ക് നൽകി യാത്ര തിരിക്കുന്ന ഇവർ ഒടുവിൽ പെരുവഴിയിലാകുന്ന കാഴ്ച ദയനീയമാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി യുഎസ്-മെക്സിക്കോ അതിർത്തി വഴിയും കാനഡ അതിർത്തി വഴിയും രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നവരുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഏജന്റുമാർക്ക് ലക്ഷക്കണക്കിന് രൂപ നൽകി, അതിശൈത്യത്തെയും വന്യമൃഗങ്ങളെയും അതിജീവിച്ച് നടത്തുന്ന ഈ യാത്രകൾ പലപ്പോഴും മരണത്തിലേക്കുള്ള വാതിലായി മാറുന്നു.
2025 ജനുവരി മുതൽ ഡിസംബർ വരെ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ 23,830 ഇന്ത്യക്കാരെ പിടികൂടി. 2024 ൽ പിടികൂടിയ 85,119 പേരുടെ എണ്ണത്തേക്കാൾ വളരെ കുറവാണ് ഇതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
മെക്സിക്കോ ഇപ്പോഴും ഒരു പ്രധാന പാതയാണ്. 2025 ൽ കാനഡ-യുഎസ് അതിർത്തിയിൽ ആണ് കൂടുതൽ ഇന്ത്യക്കാരെ പിടികൂടിയത്. മെക്സിക്കോ, കാനഡ വഴി ദുബായ്, ഇസ്താംബുൾ പോലുള്ള കേന്ദ്രങ്ങളിലൂടെയുള്ള വഴികളായിരുന്നു പ്രധാന നിയമവിരുദ്ധ മാർഗങ്ങൾ. ഈ വഴികളിൽ ഇപ്പോൾ പരിശോധന കർശനമായിക്കിയിട്ടുണ്ട്. ഇക്കാരണത്താ. നിയമവിരുദ്ധമായി യുഎസിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ഇപ്പോഴും പുതിയതും അപകടസാധ്യതയുള്ളതുമായ വഴികളിലൂടെയാണ് ശ്രമിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ”
കേവലം നിയമലംഘനം എന്നതിലുപരി വലിയൊരു മാനുഷിക പ്രതിസന്ധിയാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്. സ്വന്തം നാട്ടിലെ പ്രതിസന്ധികളിൽ നിന്ന് രക്ഷപെടാൻ കൈക്കുഞ്ഞുങ്ങളുമായി പോലും അതിർത്തി കടക്കാൻ ശ്രമിക്കുന്ന കുടുംബങ്ങൾ ഒട്ടേറെയാണ്. കഠിനമായ മഞ്ഞുവീഴ്ചയിൽപ്പെട്ട് കൈകാലുകൾ നഷ്ടപ്പെട്ടവരും, മരുഭൂമിയിലെ ചൂടിൽ നിർജ്ജലീകരണം സംഭവിച്ച് മരിച്ചവരും, പുഴയിൽ വീണ് കാണാതായവരും ഈ ‘അമേരിക്കൻ സ്വപ്ന’ത്തിന്റെ ഇരകളാണ്.
അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ കർശനമായ പരിശോധനകൾക്കിടയിലും ജീവൻ പണയപ്പെടുത്തിയുള്ള ഈ പലായനം തുടരുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നിയമപരമായ മാർഗങ്ങളിലൂടെയല്ലാതെ ഇത്തരം അപകടകരമായ യാത്രകൾ തിരഞ്ഞെടുക്കരുതെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും പ്രവാസ മോഹം ഇന്ത്യക്കാരെ ഇന്നും അപകടങ്ങളിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു.













Discussion about this post