ആലുവ: അനാഥത്വത്തിന്റെയും ഏകാന്തതയുടെയും കൂട്ടിലേക്ക് ആഹ്ലാദത്തിന്റെ ചിറകൊച്ചകളുമായി നന്മയുടെ ഓണത്തുമ്പികളെത്തി. എടത്തല അല്‍ അമീന് കോളേജ് വിദ്യാര്‍ത്ഥികള്‍ ചുണങ്ങംവേലിയിലെ ഹോം ഫോര്‍ ദ് ഏജ്ഡ് ആന്‍ഡ് ഇന്‍ഫേമിലെ അന്തേവാസികള്ക്കരികിലേക്കെത്തിയത് സ്നേഹത്തിന്റെ ഓണക്കോടികളുമായി.
ചെറുമക്കളുടെ പ്രായമുള്ള കുട്ടികളുടെ സ്നേഹ സാന്നിദ്ധ്യത്തില്‍ മുത്തശ്ശന്മാരും മുത്തശ്ശിമാരും സങ്കടങ്ങള്‍ മറന്നു. നിരാലംബതയുടെയും അവശതകളുടെയും ചുമടിറക്കി വച്ച് അല്പനേരം ഇവര്‍ ഓണത്തിമിര്പ്പിലായി. കഥകളും പാട്ടുകളുമായി അവര്‍ ആവേശത്തിന്റെ പൂക്കളം തീര്‍ത്തു. അല്‍ അമീന് കോളേജ് കമ്മ്യൂണിറ്റി എക്സ്റ്റന്‍ഷന്റെ ഭാഗമായി എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയാണ് ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍ക്ക് വേദിയായത്. 1927ല്‍ സ്ഥാപിച്ച ഈ അഭയകേന്ദ്രത്തില്‍ നൂറുപേര് സ്ഥിരം അന്തേവാസികളായുണ്ട്. 30 പുരുഷന്മാരും 70 സ്ത്രീകളും. പലരും മക്കള്‍ ഉപേക്ഷിച്ചവര്‍. ചിലര്‍ സ്വമനസ്സാലെ കടന്നുവന്നവര്‍. മറ്റുചിലരാകട്ടെ വീടോ മക്കളോ ഇല്ലാത്തവര്‍.
ഗ്രേസിയുടെ നേതൃത്വത്തിലുള്ള അഞ്ചോളം സിസ്റ്റര്‍മാരാണ് ഇവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുന്നത്.
കോളജില്‍ ഓണാഘോഷം ലളിതമായി സംഘടിപ്പിച്ചും ഒരുനേരത്തെ ഭക്ഷണം ഒഴിവാക്കിയും മിച്ചംപിടിച്ച തുകയാണ് വിദ്യാര്‍ത്ഥികള്‍ അന്തേവാസികള്‍ക്കാവശ്യമായ ഓണക്കോടികള്‍ വാങ്ങാന്‍ ഉപയോഗിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകരും പങ്കുചേര്‍ന്നു. ഇന്‍ഫേം ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. അനിതാ നായര്‍ ഉദ്ഘാടനം ചെയ്തു.
Discussion about this post