ഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകനും പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്രയ്ക്ക് ഇനി മുതല്‍ വിമാനത്താവളത്തില്‍ നല്‍കിവരുന്ന വി.വി.ഐ.പി പരിഗണന ഉണ്ടാകില്ല. പ്രത്യേക സുരക്ഷാവകുപ്പിന്റെ(എസ്.പി.ജി) സുരക്ഷയുള്ള പ്രിയങ്കയുടെ ഭര്‍ത്താവ് എന്ന നിലയിലാണ് വാദ്രയെ വിമാനത്താവളങ്ങളിലെ പരിശോധനകളില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുള്‍പ്പെടെ 33 വിഭാഗങ്ങളില്‍പ്പെട്ടവരാണ് സുരക്ഷാ പരിശോധനകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ എസ്.പി.ജി സുരക്ഷയില്ലാത്ത ദലൈ ലാമ, റോബര്‍ട്ട് വാദ്ര എന്നിവരുള്പ്പെടുന്നുണ്ട്.
ഈ പട്ടിക പുതുക്കുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടിയിരുന്നു. വാദ്രയ്ക്ക് ഭീഷണിയില്ലെന്നും പട്ടികയില്‍ നിന്ന് ഒഴിവാക്കാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിക്കുകയായിരുന്നു. അതേസമയം ഇക്കാര്യത്തില്‍ പ്രിയങ്ക ഗാന്ധിക്ക് സുരക്ഷ നല്കുന്ന എസ്.പി.ജിയുടെ നിലപാടും തേടാവുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇനിമുതല്‍ പ്രിയങ്കയ്ക്കൊപ്പം യാത്ര ചെയ്യുമ്പോഴും വാദ്ര പരിശോധനകള്‍ക്ക് വിധേയമാകേണ്ടിവരും. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ റോബര്‍ട്ട് വാദ്ര സ്വാഗതം ചെയ്തു. താന്‍ വിവിഐപി ലിസ്റ്റില്‍പെടുന്ന ആള് അല്ലെന്നും ലിസ്റ്റില്‍ നിന്നും പേര് എടുത്തുമാറ്റിയതില്‍ സന്തോഷമാണെന്നും റോബര്‍ട്ട് വാദ്ര പ്രതികരിച്ചു.
Discussion about this post