ഡൽഹി: ചൈനയുമായി അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ വ്യോമസേനയിലെ ഉന്നതതല കമാൻഡർമാരുടെ യോഗം വിളിച്ചു കൂട്ടി. യഥാർത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനോടൊപ്പം റഫാൽ യുദ്ധവിമാനങ്ങളുടെ വിന്യാസവും യോഗത്തിൽ ചർച്ച ചെയ്യും.
ജൂലൈ 22ന് ആരംഭിക്കുന്ന ദ്വിദിന യോഗത്തിന് എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ നേതൃത്വം നൽകും. വടക്ക് കിഴക്കൻ അതിർത്തികളിലെയും കിഴക്കൻ ലഡാക്കിലെയും സേനാവിന്യാസം വിലയിരുത്താൻ ചേരുന്ന യോഗത്തിൽ സേനയുടെ ഏഴ് മുഖ്യ കമാൻഡർമാരും പങ്കെടുക്കും.
നിലവിൽ അതിർത്തിയിൽ അടിയന്തര സാഹചര്യം നേരിടാൻ സജ്ജരായി വ്യോമസേന രാപകൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സേനയുടെ അത്യാധുനിക പോർവിമാനങ്ങളായ മിറാഷ് 2000, സുഖോയ്-30, മിഗ്-29 എന്നിവ മേഖലയിൽ തയ്യാറായി നിൽക്കുകയാണ്.
രാത്രികാലങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ അപാച്ചെ ഹെലികോപ്റ്ററുകൾ വ്യോമസേന ഫലപ്രദമായി ഉപയോഗിക്കുണ്ട്. ഈ മാസം അവസാനത്തോടെ ഫ്രാൻസിൽ നിന്നെത്തുന്ന റഫാൽ പോർവിമാനങ്ങളെ കൃത്യമായി വിന്യസിക്കാനുള്ള നടപടികളാണ് യോഗത്തിൽ മുഖ്യമായും കൈക്കൊള്ളുക. അത്യാധുനിക ആയുധ സജ്ജീകരണങ്ങളോടെ എത്തുന്ന റഫാൽ യുദ്ധവിമാനങ്ങൾ മേഖലയിൽ ഇന്ത്യക്ക് മേൽക്കൈ നൽകുമെന്നാണ് വിലയിരുത്തൽ. റഫാൽ യുദ്ധവിമാനങ്ങളിലെ മുഖ്യ ആകർഷണമായ ലോംഗ് റേഞ്ച് എയർ ടു എയർ മിസൈലുകൾ അതിർത്തിയിൽ പാകിസ്ഥാനും ചൈനക്കും ഒരേ പോലെ ഭീഷണിയാകും.
ലോംഗ് റേഞ്ച് ആക്രമണങ്ങളിൽ ചൈനക്ക് ഉണ്ടായിരുന്ന മേൽക്കൈ റഫാലിന്റെ വരവോടെ അപ്രസ്കതമാകും. അറുപതിനായിരം കോടി ചിലവിൽ രാജ്യം കണ്ട ഏറ്റവും വലിയ പ്രതിരോധ ഉടമ്പടിയുടെ ഭാഗമായി അടിയന്തരമായി ഇന്ത്യയിലെത്തിക്കുന്ന 36 റഫാൽ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ കരുത്തും ആത്മബലവും അക്ഷരാർത്ഥത്തിൽ ഇരട്ടിയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.








