ഡൽഹി: ആഭ്യന്തര കലഹങ്ങളിൽ പെട്ട് ആടിയുലയുന്ന രാജസ്ഥാനിലെ കോൺഗ്രസ്സ് സർക്കാരിന് കനത്ത തിരിച്ചടി. കേന്ദ്രമന്ത്രിയുടെ അടക്കം ടെലിഫോൺ ചോർത്തിയ വിഷയത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ കേന്ദ്രം ഒരുങ്ങുന്നതായാണ് സൂചന. ഇപ്പോഴും ഇടഞ്ഞ് നിൽക്കുന്ന യുവനേതാവ് സച്ചിൻ പൈലറ്റിനൊപ്പം ഉറച്ച് നിൽക്കാനാണ് 19 വിമത എം എൽ എമാരുടെയും തീരുമാനം.
സച്ചിൻ പൈലറ്റിനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇപ്പോഴും കോൺഗ്രസ്സിലെ ഒരു വിഭാഗം മുതിർന്ന നേതാക്കൾ. അശോക് ഗെഹ്ലോട്ട് ഇന്നലെ ഗവർണർക്ക് കൈമാറിയ എം എൽ എമാരുടെ പട്ടികയിൽ 102 പേരാണ് ഉള്ളത്. 19 എം എൽ എമാർ ഇപ്പോഴും സച്ചിനൊപ്പം ഉറച്ചു നില്ക്കുകയാണ്. അതേസമയം ഗെഹ്ലോട്ട് കൈമാറിയ 102 എം എൽ എമാരുടെ പട്ടികയിൽ സഖ്യകക്ഷിയായ ബിടിപിയുടെ അംഗങ്ങളും സ്വതന്ത്രരുമുണ്ട്. ഇവർ എന്തു നിലപാട് സ്വീകരിക്കും എന്ന കാര്യത്തിൽ ഇപ്പോഴും കോൺഗ്രസ്സ് നേതൃത്വത്തിന് ആശയക്കുഴപ്പമുണ്ട്. സച്ചിൻ പൈലറ്റും ഒപ്പം 19 എം എൽ എമാരും ഇവരോടൊപ്പം ചേർന്ന് വ്യത്യസ്ത നിലപാട് സ്വീകരിച്ചാൽ രാജസ്ഥാനിലെ കോൺഗ്രസ്സ് സർക്കാർ നിലം പൊത്തും.
രാഷ്ട്രീയ പ്രതിസന്ധി സംസ്ഥാനത്ത് ഭരണ സ്ഥിരതയില്ലായ്മ സൃഷ്ടിച്ചിരിക്കുകയാണെന്നും സംസ്ഥാന സർക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി ജനാധിപത്യത്തെ സരക്ഷിക്കണമെന്നും ബി എസ് പി നേതാവ് മായാവതിയും കഴിഞ്ഞ ദിവസം ഗവർണ്ണറോട് അഭ്യർത്ഥിച്ചിരുന്നു.
അതേസമയം പാർട്ടി നടപടികൾ ചോദ്യം ചെയ്ത് സച്ചിൻ പൈലറ്റ് നൽകിയ ഹർജിയിൽ രാജസ്ഥാൻ കോടതി നാളെ തീരുമാനം എടുക്കും. വിട്ടുവീഴ്ചയ്ക്ക് തയ്യാറില്ലാതെ ഗെഹ്ലോട്ട് പക്ഷവും സച്ചിൻ പക്ഷവും മുന്നോട്ട് പോകുന്നത് കോൺഗ്രസ്സ് സർക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
Discussion about this post