കൊച്ചി: എറണാകുളത്ത് കൊവിഡ് വ്യാപനം വർദ്ധിക്കുന്നത് ആശങ്ക പടർത്തുന്നു. കാക്കനാട് കരുണാലയ കോണ്‍വെന്റിലെ 30 കന്യാസ്ത്രീകള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകള്‍ക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കരുണാലയത്തില്‍ ഇതുവരെ 33 കന്യാസ്ത്രീകള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കുറച്ചുദിവസം മുന്‍പ് കോവിഡ് ബാധിച്ചു മരിച്ച സിസ്റ്റര്‍ ക്ലെയറിന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കന്യാസ്ത്രീകള്‍ക്ക് കോണ്‍വെന്റില്‍ തന്നെ ചികിത്സ ഉറപ്പാക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. കോണ്‍വെന്റ് കെട്ടിടത്തിന്റെ ഒരു നില പ്രഥമതല പരിശോധനാ കേന്ദ്രമാക്കി മാറ്റാനാണ് തീരുമാനം. മഠത്തിലെ കന്യാസ്ത്രീകള്‍ മറ്റ് മഠങ്ങളിലേക്കും അനുബന്ധ കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതീവ ഗുരുതര സാഹചര്യമാണ് എറണാകുളം ജില്ലയില്‍ നിലനില്‍ക്കുന്നതെന്നാണ് വിവരം. ജില്ലയിലെ മുഴുവന്‍ വൃദ്ധസദനങ്ങളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.












