ഡൽഹി: അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വൻ തയ്യാറെടുപ്പുകളുമായി ഇന്ത്യ. പ്രശ്നബാധിത മേഖലകളിൽ നിരീക്ഷണം ശക്തമാക്കുന്നതിന് വേണ്ടി ഇസ്രായേലിൽ നിന്നും ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ‘ഹെറോൺ‘ ഡ്രോണുകൾ വാങ്ങാൻ തീരുമാനമായി. കൂടാതെ ‘സ്പൈക്ക്‘ ടാങ്ക് വേധ മിസൈലുകളും ഇന്ത്യ ഇസ്രായേലിൽ നിന്ന് വാങ്ങും.
ആയുധ ശേഖരം കാര്യക്ഷമമാക്കുന്നതിന് അടിയന്തരമായി കേന്ദ്രസർക്കാർ ഫണ്ട് അനുവദിച്ചിരുന്നു. ഇതിൽ നിന്നാണ് ഇന്ത്യ പുതിയ ആയുധങ്ങൾ വാങ്ങുന്നത്. ഹെറോൺ ആളില്ലാ നിരീക്ഷണ വിമാനം വ്യോമസേനക്കും നാവിക സേനയ്ക്കും കരസേനയ്ക്കും ലഭ്യമാക്കും. ലഡാക്കിലെ കടന്നു കയറ്റ ശ്രമങ്ങളെ കൃത്യമായി തിരിച്ചറിയാൻ ഇവയ്ക്ക് സാധിക്കും. അനിവാര്യ ഘട്ടങ്ങളിൽ ശത്രുക്കളുടെ ആയുധപ്പുരകളിലെ നീക്കങ്ങൾ നിരീക്ഷിച്ച് സൂചനകൾ നൽകാനും ഇവ ഉപയോഗിക്കാം.
ബലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ഉടലെടുത്ത നിർണ്ണായക സാഹചര്യങ്ങളിൽ ഇന്ത്യ വിദഗ്ധമായി ഉപയോഗിച്ച സ്പൈക്ക് ടാങ്ക് വേധ മിസൈലുകളുടെ പരിഷ്കരിച്ച പതിപ്പും ഇന്ത്യ ഇസ്രായേലിൽ നിന്നും വാങ്ങും. ഇതുമായി ബന്ധപ്പെട്ട് രാജ്യരക്ഷാ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് ഇസ്രായേൽ പ്രതിരോധ വകുപ്പ് മന്ത്രി ബെനി ഗാൻസുമായി ചർച്ച നടത്തി.
Discussion about this post