ഇറാനിലെ ഛബാര്‍ തുറമുഖ നിര്‍മ്മാണത്തിലും ഇന്ത്യ-ഇറാന്‍ ബന്ധങ്ങളിലും ഇന്ത്യ എന്ത് ചെയ്യണമെന്ന് അമേരിക്ക പറയേണ്ടതില്ലെന്ന് ഇറാനിലെ ഇന്ത്യന്‍ സ്ഥാനപതി ഗദ്ദം ധര്‍മ്മേന്ദ്ര. ഇറാനിലെ അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന തന്ത്രപ്രധാനമായ ഛബാര്‍ തുറമുഖ വികസനം ഇന്ത്യയാണ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയും ഇറാനും തമ്മില്‍ വാണിജ്യക്കരാറുകള്‍ നിലവിലുണ്ട്. ഇറാനെ അമേരിക്ക ഉപരോധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ കരാറുകളുമായി മുന്നോട്ടുപോകുന്നതില്‍ അമേരിക്കക്ക് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ടെഹ്‌റാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് അമേരിക്ക ഈ വിഷയത്തില്‍ അഭിപ്രായം പറയേണ്ടതില്ല എന്ന് ഇറാനിലെ ഇന്ത്യന്‍ സ്ഥാനപതി അഭിപ്രായപ്പെട്ടത്.
അതീവ തന്ത്രപ്രധാനമായ മേഖലയാണ് ഛബാര്‍. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിക്ക് വളരെയടുത്തുള്ള ഈ തുറമുഖം ഇന്ത്യയുടെ രാജ്യാതിര്‍ത്തിക്ക് വെളിയിലുള്ള ഏറ്റവും തന്ത്രപ്രധാനമായ പദ്ധതികളിലൊന്നാണ്. ഈ തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ പാകിസ്ഥാന്റെയോ ചൈനയുടേയോ അതിര്‍ത്തികള്‍ക്കുള്ളിലൂടേയല്ലാതെ ഇന്ത്യയ്ക്ക് അനായാസം അഫ്ഗാനിസ്ഥാനിനുമായും ഇറാനുമായും വ്യാപാരം നടത്താനാകും. എന്ന് മാത്രമല്ല ഒമാന്‍ ഉള്‍ക്കടലിലൂടെ (Gulf of Oman) പേര്‍ഷ്യന്‍ ഉള്‍ക്കടലിലേക്കുള്ള (Persian Gulf) നാവികപ്പാതയിലും ശക്തമായ ഇന്ത്യന്‍ സാന്നിദ്ധ്യമുണ്ടാകും. ഇറാനിലെ ബലൂചിസ്ഥാന്‍ പ്രദേശം ഛബാര്‍ തുറമുഖത്തിനോറ്റ് ചേര്‍ന്നാണുള്ളത്. ഇറാന്‍ ബലൂചിസ്ഥാനോട് ചേര്‍ന്നാണ് പാകിസ്ഥാന്‍ കൈയ്യടക്കിയിരിക്കുന്ന ബലൂചിസ്ഥാന്‍ പ്രദേശവും ഉള്ളത്.
ഇന്ത്യയും അഫ്ഗാനിസ്ഥാനും ഇറാനും ചേര്‍ന്നുള്ള കരാറാണ് ഛബാര്‍ തുറമുഖവികസനം. എന്നാല്‍ അമേരിക്കന്‍ ഉപരോധം നേരിടുന്ന ഇറാനുമായി നാം കരാര്‍ പാടില്ലെന്ന നിലപാടുമായി അമേരിക്ക ഇന്ത്യയോട് ബലം പിടിക്കാന്‍ തുടങ്ങിയിരുന്നു. ഒരു കാരണവശാലും ഇന്ത്യന്‍ നയതന്ത്രബന്ധങ്ങളില്‍ ഇടപെടണ്ട എന്നും അമേരിക്കയും ഇന്ത്യയുമായുള്ള നല്ല ബന്ധം അമേരിക്ക പറയുന്നതെല്ലാം അംഗീകരിക്കാം എന്നല്ലന്നുമുള്ള കൃത്യമായ സന്ദേശമാണ് ഇന്ത്യന്‍ സ്ഥാനപതി ഈ പരാമര്‍ശത്തിലൂടെ നല്‍കിയിരിക്കുന്നതെന്നാണ് നയതന്ത്രവിദഗ്ധരുടെ അഭിപ്രായം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുത്തന്‍ നയതന്ത്ര മുദ്രാവാക്യം ഇന്ത്യയെ തുല്യരായിക്കാണുന്ന ബന്ധങ്ങള്‍ മാത്രം മതി എന്നതാണ്.
ഒപ്പം ഛബാര്‍ തുറമുഖ പദ്ധതിയില്‍ നിന്നും ഛബാര്‍ തുറമുഖ റെയില്‍വേ പദ്ധതിയില്‍ നിന്നും ഇന്ത്യ പിന്മാറുന്നെന്ന് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കിംവദന്തികള്‍ക്ക് കൃത്യമായ മറുപടിയുമാണിത്. ഇറാനുമായുള്ള നയതന്ത്രബന്ധങ്ങള്‍ വളരെ പ്രാധാന്യമുള്ളതായാണ് ഇന്ത്യ കരുതുന്നത്. ഇറാനിലെ ഛബാറിലൂടെ അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടുന്ന മധ്യേഷ്യയിലേക്കും ഇറാനില്‍ തന്നെ പേര്‍ഷ്യന്‍ ഉള്‍ക്കടലിലുള്ള ബാന്ദര്‍ അബ്ബസ് തുറമുഖത്തിലൂടെ കിഴക്കന്‍ യൂറോപ്പിലേക്കും വാണിജ്യ ഇടനാഴികള്‍ ഉണ്ടാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇറാനിലൂടെ അസര്‍ബൈജാന്‍ കേന്ദ്രമാക്കിയാണ് യൂറോപ്പിലേക്കുള്ള വാണിജ്യഗതാഗതത്തിനായി ഇന്ത്യ പദ്ധതികള്‍ നടത്തുന്നത്.










Discussion about this post