250 വർഷങ്ങൾക്ക് ശേഷം മലപ്പുറം തിരുനാവായയിൽ നടക്കുന്ന മാഘ മഹോത്സവത്തിന് വൻ ജനപിന്തുണയും സ്വീകരണവും ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സന്ദർഭത്തിൽ കേരളത്തിന് പുറത്തുനിന്നുമുള്ള തീർത്ഥാടകർക്ക് മാഘ മഹോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്നതിനായി പ്രത്യേക ട്രെയിൻ സർവീസുകൾ വേണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇപ്പോൾ ഈ ആവശ്യത്തിനായി രണ്ടു പ്രത്യേക ട്രെയിൻ സർവീസുകൾ ആരംഭിച്ചിരിക്കുകയാണെന്ന സന്തോഷവാർത്ത അറിയിക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാഘ മഹോത്സവത്തിനായി പുതിയ രണ്ട് ട്രെയിൻ സർവീസുകൾ ആരംഭിച്ചതിന് പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും അദ്ദേഹം നന്ദി അറിയിച്ചു.
മാഘ മഹോത്സവത്തിൽ പങ്കെടുക്കാനായി ഉത്തരേന്ത്യയിൽ നിന്നും എത്തുന്ന തീർത്ഥാടകർക്കായി വാരണാസിയിൽ നിന്നും ഋഷീകേശിൽ നിന്നും എറണാകുളത്തേക്ക് ആണ് പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിച്ചിരിക്കുന്നത്. പുതിയ ട്രെയിൻ സർവീസുകളുടെ സമയവും വിവരങ്ങളും സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിച്ചു.
സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് ;
തിരുനാവായയിൽ 250 വർഷങ്ങൾക്ക് ശേഷം പുനർജനിച്ച മാഘ മഹോത്സവത്തിന്റെ (കേരളത്തിന്റെ കുംഭമേള) പുണ്യവേളയിൽ ഭക്തജനങ്ങൾക്ക് സന്തോഷവാർത്തയുമായി റെയിൽവേ. മാഘ മഹോത്സവത്തിന് എത്തുന്ന തീർത്ഥാടകരുടെ സൗകര്യാർത്ഥം വാരണാസിയിൽ നിന്നും ഋഷീകേശിൽ നിന്നും എറണാകുളത്തേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിച്ചിരിക്കുന്നു.
പ്രത്യേക ട്രെയിൻ വിവരങ്ങൾ:
1. വാരണാസി – എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ (04358/04357)
04358 വാരണാസി – എറണാകുളം: ജനുവരി 30 വെള്ളിയാഴ്ച വൈകുന്നേരം 04:30-ന് വാരണാസിയിൽ നിന്ന് തിരിച്ച് മൂന്നാം ദിവസം രാത്രി 10:00-ന് എറണാകുളത്ത് എത്തും.
04357 എറണാകുളം – വാരണാസി: ഫെബ്രുവരി 3 ചൊവ്വാഴ്ച രാത്രി 08:00-ന് എറണാകുളത്ത് നിന്ന് തിരിച്ച് നാലാം ദിവസം പുലർച്ചെ 03:00-ന് വാരണാസിയിൽ എത്തും.
2. യോഗ് നഗരി ഋഷീകേശ് – എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ (04360/04359)
04360 ഋഷീകേശ് – എറണാകുളം: ജനുവരി 30 വെള്ളിയാഴ്ച രാവിലെ 07:00-ന് ഋഷീകേശിൽ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാത്രി 11:30-ന് എറണാകുളത്ത് എത്തും.
04359 എറണാകുളം – ഋഷീകേശ്: ഫെബ്രുവരി 3 ചൊവ്വാഴ്ച രാത്രി 11:00-ന് എറണാകുളത്ത് നിന്ന് തിരിച്ച് നാലാം ദിവസം വൈകുന്നേരം 04:15-ന് ഋഷീകേശിൽ എത്തും.
പ്രധാന സ്റ്റോപ്പുകൾ: ഹരിദ്വാർ, ഹസ്രത്ത് നിസാമുദ്ദീൻ, കോട്ട, വഡോദര, മംഗളൂരു, കോഴിക്കോട്, തിരൂർ, കുറ്റിപ്പുറം, ഷൊർണ്ണൂർ, തൃശൂർ.
ഭക്തരുടെ അഭ്യർത്ഥന കണക്കിലെടുത്ത് ഈ സൗകര്യം ഒരുക്കി നൽകിയ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജിക്കും, റെയിൽവേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ്ജിക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.










Discussion about this post