ഓസ്‌ട്രേലിയൻ പേസ് ബൗളർ കെയ്ൻ റിച്ചാർഡ്‌സൺ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ബിഗ് ബാഷ് ലീഗിലെ സിഡ്‌നി സിക്‌സേഴ്‌സിന്റെ ഫൈനൽ തോൽവിക്ക് പിന്നാലെയാണ് താരം തന്റെ പാഡഴിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ വൈകാരികമായ കുറിപ്പിലൂടെയാണ് താരം ആരാധകരെ ഈ വിവരമറിയിച്ചത്.
“ഈ ബിഗ് ബാഷ് ലീഗോടെ ഞാൻ വിരമിക്കുകയാണ്. 2009-ലെ അരങ്ങേറ്റം മുതൽ ഇന്നുവരെ എന്റെ കഴിവിന്റെ പരമാവധി ഞാൻ മൈതാനത്ത് നൽകിയിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു കാലഘട്ടം അവസാനിപ്പിക്കാൻ ഇതാണ് ശരിയായ സമയം,” റിച്ചാർഡ്‌സൺ കുറിച്ചു. ഡാർവിനിലെ ഒരു ചെറിയ കുട്ടി കണ്ട സ്വപ്നമാണ് ഇന്ന് ലോകം മുഴുവൻ കണ്ടു തീർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിബിഎല്ലിന്റെ ആദ്യ സീസൺ മുതൽ കളിക്കുന്ന ചുരുക്കം താരങ്ങളിൽ ഒരാളാണ് അദ്ദേഹം. 15 സീസണുകളിലായി 142 വിക്കറ്റുകൾ വീഴ്ത്തി ബിബിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ അഞ്ചാമത്തെ താരമായാണ് അദ്ദേഹം പടിയിറങ്ങുന്നത്. 2019-ൽ മെൽബൺ റെനഗേഡ്‌സിനൊപ്പം കിരീടമുയർത്തിയിട്ടുണ്ട്. 2021-ൽ യുഎഇയിൽ നടന്ന ടി20 ലോകകപ്പിൽ കിരീടം നേടിയ ഓസ്‌ട്രേലിയൻ ടീമിലെ പ്രധാനിയായിരുന്നു റിച്ചാർഡ്‌സൺ. ഓസ്‌ട്രേലിയയ്ക്കായി 25 ഏകദിനങ്ങളിലും 36 ടി20 മത്സരങ്ങളിലും അദ്ദേഹം ജഴ്സിയണിഞ്ഞു.
അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സ്, മെൽബൺ റെനഗേഡ്സ്, സിഡ്‌നി സിക്‌സേഴ്സ് എന്നീ ടീമുകൾക്കായി ബിബിഎല്ലിലും, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഉൾപ്പെടെയുള്ള ടീമുകൾക്കായി ഐപിഎല്ലിലും അദ്ദേഹം പന്തെറിഞ്ഞിട്ടുണ്ട്. വേഗത്തേക്കാൾ വൈവിധ്യമാർന്ന സ്ലോ ബൗളുകൾ കൊണ്ട് ബാറ്റ്‌സ്മാന്മാരെ വട്ടം കറക്കുന്ന റിച്ചാർഡ്‌സന്റെ ശൈലി എന്നും ക്രിക്കറ്റ് ലോകം ഓർമ്മിക്കും.













Discussion about this post