ന്യൂഡൽഹി : ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നത് രാജ്യത്തെ വൈദ്യശാസ്ത്ര രംഗത്തും ഏറെ ഗുണകരമാകും. വ്യാപാര കരാർ പ്രാബല്യത്തിൽ വന്നാൽ ഇറക്കുമതി ചെയ്യുന്ന ജീവൻരക്ഷാമരുന്നുകൾക്ക് വില കുറയും. മിക്ക ഔഷധ ഉൽപ്പന്നങ്ങൾക്കും 11 ശതമാനം വരെ കസ്റ്റംസ് തീരുവ ഒഴിവാക്കുന്നതിലൂടെ, ജീവൻ രക്ഷാ മരുന്നുകൾ, ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ എന്നിവയുൾപ്പെടെ നിരവധി മരുന്നുകളുടെ ഇറക്കുമതി ചെലവ് കുറയ്ക്കാൻ സഹായിക്കും.
ഉയർന്ന നിലവാരമുള്ള കാൻസർ ചികിത്സകൾ, ബയോളജിക്സ്, യൂറോപ്പിൽ നിർമ്മിക്കുന്ന ഭാരം കുറയ്ക്കുന്ന മരുന്നുകൾ എന്നിവയ്ക്ക് താരിഫ് കുറയുന്നതിലൂടെ വിലക്കുറവ് ബാധകമാകും. ഔഷധ മേഖലയിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ദീർഘകാലമായി നിലനിൽക്കുന്നതും വിശ്വസനീയവുമായ പങ്കാളികളാണെന്ന് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അലയൻസ് (ഐപിഎ) സെക്രട്ടറി ജനറൽ സുദർശൻ ജെയിൻ വ്യക്തമാക്കി. ഔഷധങ്ങൾക്ക് 11 ശതമാനം വരെയുള്ള യൂറോപ്യൻ യൂണിയൻ തീരുവകൾ നീക്കം ചെയ്യുന്നത് വ്യാപാരം വർദ്ധിപ്പിക്കുകയും ഇന്ത്യൻ രോഗികൾക്ക് നൂതന മരുന്നുകളുടെ ലഭ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.










Discussion about this post