ബോളിവുഡിലെ പുതുതലമുറ പിന്നണിഗായകരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഗായകനാണ് അറിജീത് സിംഗ്. കഴിഞ്ഞ ദശകത്തിൽ ഇന്ത്യൻ സംഗീത രംഗത്ത് ഏറ്റവും ആഴത്തിൽ പതിഞ്ഞ ആ ശബ്ദത്തിൽ ഇനിയൊരു സിനിമാഗാനം ഉണ്ടാകില്ല. പിന്നണിഗാന രംഗത്തുനിന്നും വിരമിക്കുന്നതായി അറിജീത് സിംഗ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. 38-ാം വയസ്സിൽ, തന്റെ കരിയറിന്റെ ഏറ്റവും ഉന്നത നിലയിൽ നിൽക്കുമ്പോൾ ഇത്തരമൊരു വിരമിക്കൽ പ്രഖ്യാപനം നടത്തിയതിലൂടെ ആരാധകരെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ഒരു പോസ്റ്റിലൂടെയാണ് അറിജീത് സിംഗ് പിന്നണി ഗാന രംഗത്തുനിന്നും ഉള്ള വിരമിക്കൽ പ്രഖ്യാപിച്ചത്. “ഹലോ, നിങ്ങൾക്കെല്ലാവർക്കും പുതുവത്സരാശംസകൾ. വർഷങ്ങളായി ശ്രോതാക്കൾ എന്ന നിലയിൽ എനിക്ക് ഇത്രയധികം സ്നേഹം നൽകിയതിന് എല്ലാവർക്കും നന്ദി. ഇനി മുതൽ ഒരു പിന്നണി ഗായകനായി ഞാൻ പുതിയൊരു ജോലിയും ഏറ്റെടുക്കില്ലെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ ഈ തൊഴിലിനോട് വിട പറയുന്നു. ഇതൊരു അത്ഭുതകരമായ യാത്രയായിരുന്നു. ദൈവം എന്നോട് വളരെ ദയാലുവാണ്. ഞാൻ നല്ല സംഗീതത്തിന്റെ ആരാധകനാണ്, ഭാവിയിൽ, ഒരു ചെറിയ കലാകാരനെന്ന നിലയിൽ ഞാൻ കൂടുതൽ പഠിക്കുകയും സ്വന്തമായി കൂടുതൽ പ്രവർത്തിക്കുകയും ചെയ്യും. നിങ്ങളുടെ പിന്തുണയ്ക്ക് വീണ്ടും നന്ദി. ഞാൻ സംഗീതം ചെയ്യുന്നത് നിർത്തില്ലെന്ന് ഞാൻ വ്യക്തമാക്കട്ടെ,” എന്നാണ് പ്രിയ ഗായകൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
2011 ൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച അറിജീത് സിംഗ് തൊട്ടതെല്ലാം പൊന്നാക്കിയ ഒരു സൂപ്പർ ഹിറ്റ് ഗായകനായിരുന്നു. ബോളിവുഡിൽ പ്രണയത്തിന്റെ പര്യായമായ ശബ്ദമായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഒരു ഗായകൻ എന്നതിലുപരി, അദ്ദേഹം ഒരു സംഗീതസംവിധായകനും സംഗീത നിർമ്മാതാവുമാണ്. 2005 ൽ ‘ഫെയിം ഗുരുകുൽ’ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്താണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. 2011 ൽ ‘മർഡർ 2’ എന്ന ചിത്രത്തിലെ ‘ഫിർ മൊഹബത്ത്’ എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2013-ൽ ആഷിഖി 2 -ലെ ” തും ഹി ഹോ ” എന്ന ഗാനത്തിലൂടെ അദ്ദേഹം ബോളിവുഡിൽ തന്റെ ചുവടുറപ്പിച്ചു. രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പത്മാവത് (2018) എന്ന ചിത്രത്തിലെ “ബിന്തേ ദിൽ” എന്ന ഗാനത്തിനും ബ്രഹ്മാസ്ത്ര: പാർട്ട് വൺ – ശിവ (2022) എന്ന ചിത്രത്തിലെ ” കേസരിയ ” എന്ന ഗാനത്തിനും അദ്ദേഹം മികച്ച പുരുഷ പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് രണ്ടുതവണ നേടി . 2025ൽ രാജ്യം അറിജീത് സിംഗിനെ പത്മശ്രീ നൽകി ആദരിക്കുകയും ചെയ്തു. ഹിന്ദി കൂടാതെ തമിഴ്, തെലുഗു, ബംഗാളി, കന്നഡ, പഞ്ചാബി, അസമീസ്, ഗുജറാത്തി തുടങ്ങിയ നിരവധി ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്. 2025ൽ പുറത്തിറങ്ങിയ ഛാവ, സെയ്യാരാ, ധുരന്തർ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലും മികച്ച ഗാനങ്ങൾ അദ്ദേഹം പാടിയിരുന്നു. 169 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സ്‌പോട്ടിഫൈയിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള കലാകാരനാണ് അറിജീത് സിംഗ്.









Discussion about this post