ടെഹ്റാൻ : ഇറാനിൽ 19 വയസ്സ് മാത്രം പ്രായമുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ബൈക്കർ ഇൻഫ്ലുവൻസറായി സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്ന ഡയാന ബഹദോരി ആണ് കൊല്ലപ്പെട്ടത്. ഏതാനും ദിവസങ്ങൾക്കു മുൻപ് ഖമേനി വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പ്രതികാര നടപടിയായാണ് സുരക്ഷാസേന 19 കാരിയെ വെടിവെച്ച് കൊന്നത് എന്നാണ് ഇറാനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സൂപ്പർബൈക്കുകളോടുള്ള താല്പര്യവും വിവിധ സൂപ്പർ ബൈക്കുകൾ ഓടിച്ചു കൊണ്ടുള്ള റീലുകളും കൊണ്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്ന താരം ആയിരുന്നു ഡയാന ബഹദോരി. മരണത്തിന് തൊട്ടുമുമ്പുള്ള രാത്രികളിൽ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളിൽ ഡയാന പങ്കെടുത്തിരുന്നുവെന്ന് ഇറാൻവയർ റിപ്പോർട്ട് ചെയ്തു. ജനുവരി 9നാണ് ഡയാന കൊല്ലപ്പെട്ടത് എന്നും രണ്ടുതവണ വെടിയേറ്റിരുന്നു എന്നുമാണ് മൃതദേഹ പരിശോധനയിൽ നിന്നും വ്യക്തമായിട്ടുള്ളത്.
ഗോർഗൻ നഗരത്തിലെ പ്രതിഷേധക്കാർക്കെതിരായ അടിച്ചമർത്തലിലാണ് ഡയാന കൊല്ലപ്പെട്ടതെന്നാണ് സൂചന. ബഹദോരിയുടെ മരണത്തിന് സർക്കാരാണ് ഉത്തരവാദിയെന്ന് പരസ്യമായി നിഷേധിക്കാൻ ഇറാനിയൻ സുരക്ഷാ ഏജൻസികളിൽ നിന്നും ഇന്റലിജൻസിൽ നിന്നും ബഹദോരിയുടെ കുടുംബത്തിന് കടുത്ത സമ്മർദ്ദമുണ്ടെന്ന് ഇറാനിലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പെൺകുട്ടിയുടെ മൃതദേഹം സർക്കാർ നിയന്ത്രണത്തിൽ കുടുംബം രഹസ്യമായി അടക്കം ചെയ്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.











Discussion about this post