ന്യൂഡൽഹി : ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്റെ എല്ലാ ചർച്ചകളും വിജയകരമായി പൂർത്തിയായതായും കരാറിൽ ധാരണയിൽ എത്തിയതായും അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘എല്ലാ കരാറുകളുടെയും മാതാവ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കരാറിന്റെ സമാപനം പ്രഖ്യാപിക്കുന്ന രേഖയിൽ ഇന്ത്യയും ഇയുവും ഒപ്പുവച്ചു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും കരാറിൽ ധാരണയിൽ എത്തിയത്. കരാറിന്റെ പൂർണ്ണമായ രൂപത്തിൽ ഈ വർഷം അവസാനമായിരിക്കും ഒപ്പുവെക്കുക. അടുത്തവർഷം ആദ്യം മുതൽ കരാർ പ്രാബല്യത്തിൽ വരും.
യൂറോപ്പിലെ രാജ്യങ്ങളായ അംഗങ്ങൾക്കിടയിൽ സമാധാനം, സ്ഥിരത, സാമ്പത്തിക സഹകരണം, പങ്കിട്ട അഭിവൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച ഒരു രാഷ്ട്രീയ, സാമ്പത്തിക യൂണിയനാണ് യൂറോപ്യൻ യൂണിയൻ (EU).
2007 ൽ ആയിരുന്നു ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒരു സ്വതന്ത്ര വ്യാപാര കരാറിനായി ഉള്ള ചർച്ചകൾ ആരംഭിച്ചിരുന്നത്. എന്നാൽ പിന്നീട് ഈ ചർച്ചകൾ എങ്ങും എത്താതെ നീണ്ടു പോവുകയായിരുന്നു. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയതിനു ശേഷം ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിച്ചു. ഒടുവിൽ 18 വർഷങ്ങൾക്ക് കരാർ യാഥാർത്ഥ്യമായിരിക്കുകയാണ്. ആഗോള ജിഡിപിയുടെ 25% ഉം ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്ന് ഭാഗവും ഉൾക്കൊള്ളുന്ന കരാറിനെ ‘എല്ലാ കരാറുകളുടെയും മാതാവ്’ എന്നാണ് ഇയു മേധാവി വിശേഷിപ്പിച്ചിരുന്നത്.
2026 ലെ കണക്കനുസരിച്ച്, യൂറോപ്യൻ യൂണിയനിൽ 27 അംഗരാജ്യങ്ങളാണ് ഉള്ളത്. ലോകത്തിലെ രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള ഏകോപനത്തിന്റെ മികച്ച ഉദാഹരണമാണ് ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചു. ഈ കരാർ ഇന്ത്യൻ ബിസിനസുകൾക്കും യുവാക്കൾക്കും നിക്ഷേപകർക്കും പുതിയ വാതിലുകൾ തുറക്കുമെന്നും ഭൗമരാഷ്ട്രീയ അനിശ്ചിതത്വത്തിനിടയിൽ ആഗോള വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. യുകെയുമായും യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനുമായും (ഇഎഫ്ടിഎ) ഇന്ത്യയുടെ നിലവിലുള്ള വ്യാപാര കരാറുകളെ ഈ കരാർ പൂരകമാക്കുമെന്നും, വിശ്വസനീയമായ ആഗോള സാമ്പത്തിക പങ്കാളിയെന്ന നിലയിൽ ഇന്ത്യയുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.











Discussion about this post