പൂഞ്ച്: ജമ്മു കശ്മീരിൽ വീണ്ടും വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ. പൂഞ്ചിൽ രാവിലെ 10.30 ഓടെയായിരുന്നു പാകിസ്ഥാൻ പ്രകോപനം സൃഷ്ടിച്ചത്.
പൂഞ്ചിലെ മൻകോട്ടെ മേഖലയിൽ വെടിവെപ്പും മോർട്ടാർ ഷെല്ലാക്രമണവും നടത്തിയ പാക് സേനക്കെതിരെ ഇന്ത്യൻ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ജൂലൈ ആദ്യവാരത്തോടെ വെടിനിർത്തൽ ലംഘനം തുടർക്കഥയാക്കിയ പാകിസ്ഥാന് നേരെ ഇന്ത്യ തിരിച്ചടി ശക്തമാക്കിയിരുന്നു. തുടർന്ന് നിരവധി നുഴഞ്ഞുകയറ്റക്കാരും പാക് സൈനികരും കൊല്ലപ്പെട്ടിരുന്നു. പ്രധാനമന്ത്രിയും രാജ്യരക്ഷാ മന്ത്രിയും സേനാ മേധാവികളും മേഖലകൾ സന്ദർശിച്ച് സൈനികർക്ക് പ്രചോദനം നൽകിയിരുന്നു. തുടർന്ന് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള പ്രകോപനം കുറഞ്ഞിരുന്നു.
എന്നാൽ വെടിനിർത്തൽ ലംഘിക്കാനുള്ള പാകിസ്ഥാന്റെ പുതിയ നീക്കത്തിനെതിരെ കനത്ത തിരിച്ചടി നൽകാൻ സൈനികർക്ക് നിർദ്ദേശം ലഭിച്ചതായാണ് റിപ്പോർട്ട്.
Discussion about this post