പാലക്കാട്: കുടുംബശ്രീ വായ്പയുടെ പേരിൽ അറുപത്തിരണ്ട് ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. സിപിഎം മാട്ടുപ്പാറ മുൻ ബ്രാഞ്ച് സെക്രട്ടറി വി അനിൽകുമാർ, സഹായി കുമാർ, കുടുംബശ്രീ ചെയർപേഴ്സൺ റീന സുബ്രഹ്മണ്യൻ എന്നിവർക്കെതിരെയാണ് കേസ്.
വായ്പയെടുത്ത തുക പൂർണമായും നൽകാതെ വഞ്ചിച്ചെന്ന് കാണിച്ച് വക്കാവിലെ 20 കുടുംബശ്രീ യൂണിറ്റുകളാണ് പോലീസിൽ പരാതി നൽകിയത്. വാഴക്കൃഷി നടത്തുന്നതിനായി കുടുംബശ്രീ ശുപാർശപ്രകാരം ബാങ്കിൽനിന്ന് വായ്പ ലഭ്യമാക്കാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി ഗഡുക്കളായി അനുവദിച്ച വായ്പയിൽ മുഴുവൻ തുകയും ലഭിച്ചില്ലെന്നുകാണിച്ച് കുടുംബശ്രീ അംഗങ്ങൾ രംഗത്ത് വരികയായിരുന്നു.
പാട്ടത്തിന് സ്ഥലം ശരിയാക്കി കൊടുക്കാം എന്ന ഉറപ്പിന്മേൽ യൂണിറ്റുകളിൽ നിന്ന് അനധികൃതമായി പണപ്പിരിവ് നടത്തി. എന്നാൽ സ്ഥലം നൽകുകയോ വാങ്ങിയ തുക തിരിച്ചുനൽകുകയോ ചെയ്തില്ല. തുടർന്ന് അംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു.












