ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഗൾ ഭരണാധികാരി ബഹദൂർ ഷാ സഫറിന്റെ പിൻഗാമി യാക്കൂബ് ഹബീബുദ്ദീൻ. ക്ഷേത്ര നിർമ്മാണത്തിനായി ഒരു കിലോഗ്രാം ഭാരമുള്ള സ്വർണ്ണക്കട്ട സംഭാവന ചെയ്യാൻ സന്നദ്ധനാണെന്നും അദ്ദേഹം അറിയിച്ചു.
അവസാന മുഗൾ ഭരണാധികാരിയായ ബഹദൂർഷാ സഫറിന്റെ ആറാം തലമുറയിൽ പെട്ട വ്യക്തിയാണ് യാക്കൂബ്. സംഭാവന കൈമാറുന്നതിനായി പ്രധാനമന്ത്രിയെ കാണാൻ ആഗ്രഹിക്കുന്നതായും യാക്കൂബ് അറിയിച്ചു. നൂറ് കോടി ഹൈന്ദവരുടെ ആഗ്രഹം സഫലമാകുന്ന മുഹൂർത്തത്തിന് പൂർണ്ണ മനസ്സോടെ സാക്ഷ്യം വഹിക്കാൻ മുസൽമാന്മാർക്ക് അവസരം ലഭിക്കുന്ന ലോകത്തിലെ ഏക രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളോടൊപ്പം മുസ്ലീങ്ങളും ക്ഷേത്ര നിർമ്മാണത്തിൽ പങ്കാളികളാകണമെന്നും അങ്ങനെ മതേതരത്വവും സാഹോദര്യവും പ്രചരിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഓഗസ്റ്റ് അഞ്ചിന് 10.30 ഓടെ ആരംഭിക്കുന്ന ഭൂമി പൂജക്കൊടുവിൽ 12.15 ഓടെ അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടും. പരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കും. രാവണനിഗ്രഹത്തിന് ശേഷമുള്ള ശ്രീരാമന്റെ അയോധ്യാ പുനപ്രവേശനത്തിനെ അനുസ്മരിച്ച് അന്നേ ദിവസം ഭവനങ്ങളിൽ ദീപം തെളിക്കാൻ വിശ്വ ഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്തിട്ടുണ്ട്.
Discussion about this post