മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം കൊലപാതകമാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് നാരായണ റാണെ. സുശാന്തിന്റെ മരണം ആത്മഹത്യയല്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ആര്‍ക്കോ വേണ്ടി എന്തൊക്കയൊ മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മരണത്തില്‍ അസ്വാഭാവികത തോന്നിയ സാഹചര്യത്തില്‍ ബീഹാര്‍ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സുശാന്തിന്റെ മരണം ആത്മഹത്യയാണെന്നാണ് മുംബൈ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്.
“കേസ് വഴിതിരിച്ചുവിടാനുളള ശ്രമമാണ് നടക്കുന്നത്. മറ്റുളളവരെ പോലെ ഞാനും വിശ്വസിക്കുന്നു ഇത് ആത്മഹത്യയല്ല മറിച്ച് കൊലപാതകമാണ്. മരണം നടന്ന് 50 ദിവസം കഴിഞ്ഞിട്ടും മുംബൈ പൊലീസിന് യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താനായില്ല.” നാരായണ റാണെ പറഞ്ഞു.
കേസില്‍ പ്രതിയെന്ന് സുശാന്തിന്റെ കുടുംബം ആരോപിക്കുന്ന റിയ ചക്രബര്‍ത്തി എവിടെയെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലീസിനായിട്ടില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ആരെയോ സഹായിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
20 ദിവസത്തിലേറെയായി ആരാണ് സുശാന്തിനെ ഭീഷണിപ്പെടുത്തിയത്? അദ്ദേഹം എല്ലാ ദിവസവും ഫോണ്‍ നമ്പരുകള്‍ മാറിക്കൊണ്ടിരുന്നു. ഇത് എന്ത് കൊണ്ടാണ് പൊലീസ് അന്വേഷിക്കാത്തതെന്നും നാരായണ റാണെ ചോദിച്ചു. ജൂണ്‍ 13നാണ് സുശാന്തിനെ മുംബൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Discussion about this post