പൂനെ : ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു ഗജേന്ദ്ര ചൗഹാനെ നീക്കണമെന്നാവശ്യപ്പെട്ടു ക്യാംപസില്‍ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരത്തിനു പിന്തുണയുമായി പ്രമുഖ നടന്‍ അമൊല്‍ പലേക്കര്‍ രഗത്ത്. വിദ്യാര്‍ഥികളെ നേരിട്ടുകണ്ട് അദ്ദേഹം പിന്തുണയറിയിച്ചു. ഇന്ത്യയിലെ ഓസ്‌കാര്‍ അവാര്‍ഡ് ജൂറി ചെയര്‍മാനാണു പലേക്കര്‍. ടെലിവിഷന്‍ നടനും ബിജെപി അംഗവുമായ ഗജേന്ദ്ര ചൗഹാന്റെ നിയമനത്തിനെതിരേ 75 ദിവസമായി കാമ്പസില്‍ വിദ്യാര്‍ഥികള്‍ സമരത്തിലാണ്. ബോളിവുഡ് സിനിമാ താരങ്ങളും സംവിധായകരും ചൗഹാന്റെ നിയമനത്തിനെതിരേ രംഗത്തെത്തിയിരുന്നു.
ക്യാംപസിലെ 17 വിദ്യാര്‍ഥികള്‍ക്കെതിരേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഡ്മിനിസ്‌ട്രേറ്റര്‍ പോലീസില്‍ നല്കിയ പരാതി പിന്‍വലിച്ചിട്ടില്ലെന്നു എഫ്ടിടിഐ ഡയറക്ടര്‍ പ്രശാന്ത് പത്രാബെ പറഞ്ഞു. പ്രശ്‌നം രമ്യമായി പരിഹരിക്കാനാണു താത്പര്യം. വാര്‍ത്താവിനിമയ മന്ത്രാലയവുമായി വിദ്യാര്‍ഥി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. വിദ്യാര്‍ഥികള്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പത്രാബെയുടെ പരാതിയില്‍ അഞ്ചു വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കു പിന്നീടു ജാമ്യം ലഭിച്ചു.
Discussion about this post