ഡൽഹി: ആദായ നികുതി സംവിധാനം പൂർണ്ണമായും ഓൺലൈനാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കി നികുതിദായകരുടെ അവകാശങ്ങൾ പൂർണ്ണമായി സംരക്ഷിക്കുന്ന തരത്തിലുള്ള സംവിധാനമാണ് കേന്ദ്രസർക്കാർ വിഭാവനം ചെയ്യുന്നത്. ഇതിനായി കമ്പ്യൂട്ടർ അൽഗൊരിതം തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘സുതാര്യ നികുതിപരിവ്- സത്യസന്ധരെ ആദരിക്കല്‍’ എന്ന ആശയം നിലവില്‍ വരുന്നതോടെ ആദായ നികുതി രംഗത്ത് കൂടുതല്‍ പരിഷ്‌കരണം നടപ്പാകും. കൃത്യമായി നികുതി നൽകുന്നവരെ സഹായിക്കുന്ന സംവിധാനമാണ് നിലവിൽ വന്നിരിക്കുന്നത്. നികുതി നടപടിക്രമങ്ങള്‍ ലളിതമായി ആര്‍ക്കും നല്‍കാവുന്ന തരത്തില്‍ പരിഷ്‌കരിക്കുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആദായനികുതി കേസുകള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ‘വിവാദ് സെ വിശ്വാസ്’ പദ്ധതി നടപ്പാക്കിയിരുന്നു. ഫേസ്ലെസ് ഇ-അസസ്‌മെന്റും ഇപ്പോൾ നിലവില്‍ വന്നു. ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാതെയുള്ള സംവിധാനമാണിത്. നിലവില്‍ അതാത് ജില്ലകിളിലുള്ള ഉദ്യോഗസ്ഥരെയാണ് ഇതിന് നിയോഗിച്ചിരുന്നത്. ഇത് പൂർണ്ണമായും ഒഴിവാക്കാനാണ് തീരുമാനം.
കൂടാതെ ഫേസ്ലെസ് അപ്പീല്‍ സംവിധാനം സെപ്റ്റംബര്‍ 25-ഓടെ നിലവിൽ വരും. ആദായ നികുതി വകുപ്പിന്റെ ഇടപെടല്‍ കൂടുതല്‍ സുതാര്യവും സൗഹൃദപരവുമാക്കുകയാണ് ലക്ഷ്യം. ചുരുങ്ങിയ സമയംകൊണ്ട് നടപടികളില്‍ തീര്‍പ്പു കല്‍പ്പിക്കാനും പുതിയ സംവിധാനം കൊണ്ട് സാധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ആദായനികുതി പിരിക്കല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനുള്ള പുതിയ പ്രവര്‍ത്തന സംവിധാനം പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമന്‍, അനുരാഗ് ഠാക്കൂര്‍, ആദായനികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ചേംബര്‍ ഓഫ് കൊമേഴ്സ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘടന, പ്രമുഖ അഭിഭാഷകര്‍ തുടങ്ങിയവര്‍ വീഡിയോ വഴിയുള്ള ഉദ്ഘാടന സമ്മേളനത്തില്‍ സന്നിഹിതരാണ്.











