കൊച്ചി: ഫോര്‍ട്ട് കൊച്ചി കമാലക്കടവില്‍ യാത്രാ ബോട്ട് മുങ്ങി. വൈപ്പിന്‍- എറണാകുളം റോഡിലൂടെ സര്‍വ്വിസ് നടത്തുന്ന യാത്രബോട്ടാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ആറ് പേര് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളെ കാണാനുമില്ല. രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടേയും മൃതദേഹമാണ് കണ്ടെടുത്തത്. മരിച്ച ആറു പേരെ തിരിച്ചറിഞ്ഞു. ചുള്ളിക്കല്‍ സ്വദേശി വോള്‍ഗ, മട്ടാഞ്ചേരി സ്വദേശി സുധീര്‍, അഴീക്കല്‍ സ്വദേശി സൈനബ,കാളമുക്ക് സ്വദേശി അയ്യപ്പന്, ഫോര്‍ട്ട് കൊച്ചി സ്വദേശി ജോസഫ്, ചെല്ലാനം സ്വദേശി സിന്ധു എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. മുപ്പത്തഞ്ച് മുതല്‍ നാല്പതോളം പേര്‍വരെ ബോട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം.
ഉച്ചയ്ക്ക് 1.40നായിരുന്നു അപകടം. അഴിമുഖത്തുവെച്ച് മത്സ്യബന്ധന ബോട്ട് യാത്രാബോട്ടുമായി ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി പിളര്‍ന്നതിനു ശേഷം മുങ്ങി. യാത്രക്കാരില്‍ ഭൂരിപക്ഷവും നീന്തി രക്ഷപ്പെട്ടു. കോസ്റ്റ് ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് നിരവധി പേരെ കരയ്ക്ക് എത്തിച്ചു. ആരും അപകടത്തില്‍പെട്ടതായി വിവരമില്ല. നേവിയുടെ സഹായം തേടിയിട്ടുണ്ട്. ബോട്ടിന്റെ ഒരു ഭാഗം വടമുപയോഗിച്ചു കരയ്ക്കടുപ്പിച്ചു.
കരയ്ക്ക് സമീപമായിരുന്നു അപകടം. ബോട്ട് അപകടത്തില്‍ തലകീഴായി മുങ്ങി കിടക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. കമാലക്കടവില്‍ ആഴമേറിയ ഭാഗത്താണ് അപകടം ഉണ്ടായത്. ഒരു കുട്ടി ഒഴുക്കില്‍ ഒലിച്ചുപോയതായി ചിലര്‍ പറഞ്ഞു. ചിലര്‍ ബോട്ടിനകത്ത് കുടുങ്ങി കിടക്കുന്നതായാണ് സൂചന.
28 യാത്രക്കാരെ രക്ഷിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. പരിക്കേറ്റ യാത്രക്കാരെ ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയിലേക്കും മറ്റു വിവിധ ആശുപത്രികളിലേയ്ക്കും എത്തിച്ചു. മെഡിക്കല്‍ ട്രസ്റ്റില്‍ നാലു പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇവര്‍ക്ക് കെമിക്കല്‍ ന്യുമോണിയ സ്ഥിരീകരിച്ചു. ഡീസലടങ്ങിയ വെള്ളം ശ്വാസകോശത്തില്‍ കയറിയതാണ് കാരണം. നിരവധിപ്പേര്‍ നീന്തി രക്ഷപ്പെടുകയും ചെയ്തു. പോലീസിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
Discussion about this post