ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ആവശ്യം മൂന്നു കാര്യങ്ങളാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്ഫോടനത്തില്‍ നിന്നു രക്ഷപ്പെടുന്നതിനായുള്ള നിലവറ, കൃഷികള്‍ക്കു ആജീവനാന്ത ഇന്‍ഷുറന്‍സ്, ശരിയായ നഷ്ടപരിഹാരം ഇവയാണ് ഇവിടുത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. തുടര്‍ച്ചയായി നടക്കുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളില്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ ആശങ്കാകുലരാണെന്നും രാഹുല്‍ പറഞ്ഞു.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് രാഹുല്‍ ഗാന്ധി ജമ്മു കശ്മീരിലെത്തിയത്. തുടര്‍ച്ചയായി വെടിവെപ്പും ഷെല്ലാക്രമണവും ഉണ്ടായ മേഖലകളിലാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. ജമ്മു, കശ്മീര്‍, ലഡാക്ക് മേഖലകളിലാണ് രാഹുല്‍ സന്ദര്‍ശനം നടത്തുന്നത്.
ഇന്ത്യാ-പാക്ക് ദേശീയ സുരക്ഷ ഉപദേഷ്ടാക്കളുടെ ചര്‍ച്ച ഉപേക്ഷിച്ചത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയതന്ത്ര രംഗത്തെ പാളിച്ചയാണെന്ന് കോണ്‍ഗ്രസ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനൊപ്പം വിവിധ ഇടങ്ങളിലെ ഗ്രാമമുഖ്യന്മാരുമായും രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തുന്നുണ്ട്.
കഴിഞ്ഞ കുറച്ചുമാസങ്ങളായി നിയന്ത്രണരേഖയ്ക്കു സമീപമുള്ള വിവിധ സ്ഥലങ്ങളില്‍ ശക്തമായ വെടിവയ്പ്പാണ് പാക്കിസ്ഥാന് നടത്തുന്നത്. വെടിവയ്പ്പില്‍ ജവാന്മാരും പ്രദേശവാസികളുമടക്കം നിരവധിപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നു രാവിലെയും ബാരമുള്ള ജില്ലയിലെ ഉറിയില്‍ ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിവയ്പ്പുണ്ടായിരുന്നു. ക്വാസിമര് മേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്.
Discussion about this post