സ്വാതന്ത്ര്യ ദിനത്തിന് ഇന്ത്യയുടെ വികലമായ ഭൂപടം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് അരൂർ എം എൽ എയും കോൺഗ്രസ്സ് നേതാവുമായ ഷാനിമോൾ ഉസ്മാൻ.
സ്വാതന്ത്ര്യ ദിനാശംസകൾ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്ന ചിത്രത്തിൽ ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളും വികലമായാണ് ചിത്രീകരിച്ചിരുന്നത്. ചിത്രത്തിലെ കശ്മീരിന്റെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെയും കേരളത്തിന്റെയും ഗുജറാത്തിന്റെയും ഭാഗങ്ങൾ അങ്ങേയറ്റം വിലക്ഷണമായാണ് വരച്ചിരുന്നത്. നീല നിറത്തിലുള്ള ഇന്ത്യയുടെ ഭൂപടത്തിന് കുറുകെ മൂവർണ്ണക്കൊടി ചിത്രീകരിച്ചിരുന്നുവെങ്കിലും അതിൽ അശോക ചക്രം ഉണ്ടായിരുന്നില്ല. അത് പതാകയുടെ പിന്നിൽ ഇന്ത്യൻ ഭൂപടത്തിന്റെ മദ്ധ്യഭാഗത്തായി ഭാഗികമായി മാത്രമാണ് ചിത്രീകരിച്ചിരുന്നത്.
ചിത്രം ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങൾക്കകം വിവാദമായി. ഭരണഘടനാപരമായ പദവിയിൽ ഇരിക്കുന്ന ഒരു നേതാവ് ഇത്തരത്തിൽ ലക്ഷണം കെട്ടതും അനൗദ്യോഗികവുമായ ഒരു ചിത്രം പ്രചരിപ്പിച്ചത് തികച്ചും അപലപനീയമാണെന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ കമന്റുകൾ പ്രത്യക്ഷപ്പെട്ടു. ദേശദ്രോഹപരമായ ഈ പ്രവൃത്തി ബോധപൂർവ്വമാണോ അല്ലയോ എന്ന് വ്യക്തമാക്കണമെന്ന് യുവാക്കൾ ഉൾപ്പെടെ ആവശ്യപ്പെട്ടു.
ഏതായലും സംഭവം വിവാദമായതോടെ ചിത്രം പിൻവലിച്ച് തടിതപ്പിയിരിക്കുകയാണ് നേതാവ്.












