ഡൽഹി: സാമ്പത്തിക സാക്ഷരത എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിലേക്ക് ചിട്ടയായി മുന്നേറുകയാണ് പ്രധാനമന്ത്രി ജൻ ധൻ യോജന. ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ 2014 ആഗസ്റ്റ് 28-ന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി ഇന്ന് രാജ്യത്തെ സാധാരണക്കാരന്റെ ഹൃദയത്തുടിപ്പായി മാറിയിരിക്കുകയാണ്.
സീറോ ബാലൻസിൽ തുടങ്ങിയ 40 കോടി അക്കൗണ്ടുകളിലായി 1.30 ലക്ഷം കോടി രൂപ ഇതിനോടകം വിനിമയം ചെയ്യപ്പെട്ടു കഴിഞ്ഞു. സ്ത്രീകൾക്കാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രയോജനം ലഭിച്ചത്. 26കോടി 14 ലക്ഷം അക്കൗണ്ടുകളാണ് പദ്ധതിയുടെ ഭാഗമായി സ്ത്രീകൾ ആരംഭിച്ചത്. ലോക്ക്ഡൗൺ കാലത്ത് പ്രതിമാസം 500 രൂപ വനിതകളുടെ ജൻധൻ അക്കൗണ്ടുകളിലേക്ക് ആശ്വാസ ധനമായി നൽകിയിരുന്നു. അക്കൗണ്ടിൽ പണം ഇല്ലെങ്കിലും 5000 രൂപ വരെ എടുക്കാവുന്ന ഓവർ ഡ്രാഫ്റ്റ് സംവിധാനവും പ്രധാനമന്ത്രി ജൻധൻ യോജനയുടെ ആകർഷണമാണ്.
പദ്ധതിയെ പരിഹസിക്കുകയും അതിനെതിരെ പ്രചാരണം നടത്തുകയും ചെയ്ത രാഷ്ട്രീയ വൈരികൾ പോലും ഇന്ന് ഇതിന്റെ പ്രയോജനം ആസ്വദിക്കുന്നു. ഇക്കഴിഞ്ഞ മൂന്ന് നാല് മാസത്തിനിടെ തന്നെ ഏകദേശം രണ്ട് കോടിയിലധികം അക്കൗണ്ടുകൾ തുറന്നതായാണ് റിപ്പോർട്ടുകൾ.












