കുവൈറ്റ് സിറ്റി : കുവൈറ്റിലെ യുഎസ് വ്യോമതാവളത്തിന് നേരെ വ്യോമാക്രമണം നടത്തിയതായി ഇറാൻ. ദക്ഷിണ ഇറാനിലെ ബന്ദർ അബ്ബാസിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെയാണ് കുവൈറ്റിലെ യുഎസ് വ്യോമതാവളത്തിന് നേരെ ശക്തമായ പ്രത്യാക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രഖ്യാപിച്ചത്.
അതേസമയം ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിച്ചതായി കുവൈറ്റ് സൈന്യം അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ 04:50-നാണ് ഇറാൻ കുവൈറ്റിന് നേരെ ആക്രമണം നടത്തിയത്. തങ്ങളുടെ പരമാധികാരത്തിന് നേരെ അമേരിക്ക നടത്തിയ കടന്നുകയറ്റത്തിനുള്ള കൃത്യമായ മുന്നറിയിപ്പാണിതെന്ന് ഐആർജിസി പ്രസ്താവനയിൽ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ച നാല് കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം വെടിയുതിർത്തതാണ് പുതിയ സംഘർഷങ്ങൾക്ക് കാരണമായത്. തുടർന്ന് ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന ഇറാന്റെ 4 ചാവേർ ഡ്രോണുകൾ യുഎസ് വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി വെടിവെച്ചിട്ടു. തൊട്ടുപിന്നാലെ അഞ്ചാമതൊരു ഡ്രോൺ വിക്ഷേപിക്കാൻ തയ്യാറെടുക്കുകയായിരുന്ന ദക്ഷിണ ഇറാന്റെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലെ ഇറാന്റെ ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷൻ അമേരിക്കൻ മിസൈലുകൾ തകർത്തു. ഇതിന് പ്രത്യാക്രമണമായാണ് ഇറാൻ കുവൈറ്റിലെ യുഎസ് വ്യോമതാവളം ലക്ഷ്യമിട്ടത്.








