സ്വര്‍ണക്കടത്ത് കേസ് സര്‍ക്കാരിന്റെ വിശ്വാസ്യത ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിന്റെ വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തോമസ് ഐസക്ക് പറയുന്നതിങ്ങനെ:
സ്വര്‍ണം കളളക്കടത്ത്, ഐടി സെക്രട്ടറിക്ക് അതില്‍ ബന്ധമുണ്ടായിരുന്ന കാര്യം ഇതെല്ലാം വെച്ചിട്ടുളള ആക്ഷേപങ്ങളും കാര്യങ്ങളുമാണ്. പക്ഷേ അത് വീണുകിട്ടിയ ഒരു സന്ദര്‍ഭമായി പോയി. കാരണം ഒരു അടിസ്ഥാനവും ഇല്ലാത്ത ആരോപണങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഉണ്ടയില്ലാ വെടികളായി നടത്തി കൊണ്ടിരിക്കുകയാണ്. അങ്ങനെ അതിന്റെ ക്രെഡിബിലിറ്റി ഓരോ ദിവസവും കഴിയുന്തോറും നഷ്ടപ്പെട്ട് വരുമ്പോഴാണ് ഇങ്ങനെ ഒന്ന് കിട്ടിയത്. അപ്പോള്‍ അതില്‍ സ്വല്‍പ്പം തീയുണ്ട്. കാരണം പ്രിന്‍സിപ്പല്‍ സെക്രട്ടറിയല്ലേ, സ്വര്‍ണക്കടത്തുകാരിയുമായി ബന്ധം വെച്ചിരിക്കുന്നത്.
സ്വാഭാവികമായിട്ട് അതിന്റെ വിമര്‍ശനങ്ങള്‍ കേള്‍ക്കാനൊക്കെ നമ്മള്‍ സന്നദ്ധരായേ പറ്റു. ഇതിന്റെ ഒരു പ്രത്യാഘാതം എന്താണെന്ന് വെച്ചുകഴിഞ്ഞാല്‍ ഇങ്ങനെയുളള വലിയ എമര്‍ജന്‍സി സമയങ്ങളില്‍ ഈ സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാകണം. എന്നാല്‍ പബ്ലിക് ട്രസ്റ്റ് ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ് ഇത്. അമിതമായി ഉദ്യോഗസ്ഥന്‍മാരെ വിശ്വസിക്കുന്നതാണ് ഇത്തരത്തില്‍ അപകടത്തിന് കാരണമായത്. ആര്‍ക്കും അമിത സ്വാതന്ത്ര്യം നല്‍കരുതെന്ന പാഠമാണ് സ്വര്‍ണക്കടത്ത് നല്‍കുന്നത്. ഇതൊരു പാഠമായി നമ്മള്‍ പഠിക്കേണ്ടതാണ്.
Discussion about this post