ക്വാലാലംപൂര്‍: ഇന്ത്യന്‍ മുസ്ലീങ്ങള്‍ സംഘടിക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്നും വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്ക്. വെള്ളിയാഴ്ച ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് നായിക്കിന്റെ പ്രചരണം.
വിവിധ മതശാഖകളിലും, രാഷ്ട്രീയ പാര്‍ട്ടികളിലും സാമൂഹിക സംഘടനകളിലുമായി വിഘടിച്ച് നില്‍ക്കുന്ന രാജ്യത്തെ മുസ്ലീങ്ങള്‍ ഒന്നിക്കണമെന്നും തങ്ങള്‍ക്ക് വേണ്ടി മാത്രമായി ഒരു പാര്‍ട്ടി അവര്‍ രൂപീകരിക്കണമെന്നും നായിക്ക് പറയുന്നു. ഇതിന്റെ ചുവടു പിടിച്ച് മുന്‍പ് നടത്തിയ ഒരു വിവാദ പ്രസ്താവന നായിക്ക് ആവര്‍ത്തിക്കുകയും ചെയ്തു. രാജ്യത്ത് 250 മുതല്‍ 300 വരെ മില്ല്യണ്‍ മുസ്ലീങ്ങള്‍ ഉണ്ടെന്നും സര്‍ക്കാര്‍ ആ സംഖ്യയെ മനഃപൂര്‍വം കുറച്ച് കാട്ടുകയാണെന്നുമാണ് സാക്കിര്‍ നായിക്ക് പറഞ്ഞത്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ ഉള്ളത് ഇന്ത്യയിലാണെന്നും നായിക്ക് പറയുന്നുണ്ട്. ‘ഫാഷിസ്റ്റും’, ‘വര്‍ഗീയവാദം പ്രോത്സാഹിപ്പിക്കുന്നതും’ അല്ലാത്തതായ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുമായി മുസ്ലീങ്ങള്‍ കൈകോര്‍ക്കണമെന്നും ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് രാഷ്ട്രീയ നേതൃത്വമില്ലെന്നും ഇയാള്‍ തന്റെ വീഡിയോയിലൂടെ പറയുന്നു. അതോടൊപ്പം രാജ്യത്തെ ദളിതരും മുസ്ലീങ്ങളും ഒത്തുചേരണമെന്നും അങ്ങനെ ഉണ്ടായാല്‍ സംഘടനാബലം 600 മില്ല്യണ്‍ വരെ ഉയര്‍ത്താന്‍ കഴിയുമെന്നും നായിക്ക് പറഞ്ഞു.
മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യത്തേക്ക് പോകാന്‍ സാധിക്കുമെങ്കില്‍ അതാണ് താരതമ്യേന നല്ലതെന്നും എന്നാല്‍ അതിനായി ഇന്ത്യ വിടേണ്ടതില്ലെന്നും നായിക്ക് പറയുന്നു. അതിനുപകരം, മുസ്ലീങ്ങളോട് ‘സഹാനുഭൂതി’ വച്ചുപുലര്‍ത്തുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളിലേക്ക് പോകുന്നതാണ് നല്ലത്. കേരളമാണ് പെട്ടെന്ന് തന്റെ മനസ്സില്‍ വരുന്നത്. കേരളത്തിലെ ജനങ്ങള്‍ വര്‍ഗീയ മനസ്ഥിതി ഉള്ളവരല്ല. നായിക്ക് പറയുന്നു.
അവിടെ വിവിധ മതത്തില്‍ പെട്ടവര്‍ സഹോദര്യത്തോടെ ഒന്നിച്ച് കഴിയുന്നുവെന്നും അവിടെ ബി.ജെ.പിക്ക് സ്വാധീനമില്ലാത്തത് കൊണ്ട് കേരളമാണ് ഇതിന് ഏറ്റവും അനുയോജ്യമെന്നും നായിക്ക് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഇതുകൂടാതെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി കഴിയുന്ന മുസ്ലീങ്ങള്‍ അവിടങ്ങളിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് മാറുന്നതാണ് നല്ലതെന്നും ഇയാള്‍ ഉപദേശിക്കുന്നു.
2016 ഇന്ത്യ വിട്ട് മലേഷ്യയില്‍ ഒളിച്ച് താമസിക്കുകയാണ് സാക്കിര്‍ നായിക്ക്. ഇയാൾ കള്ളപ്പണം വെളുപ്പിക്കല്‍, ആക്രമണത്തിന് പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് രാജ്യം തേടുന്നയാളാണ്.
Discussion about this post