ഡൽഹി: ബിഹാർ തിരഞ്ഞെടുപ്പിന് മാസങ്ങൾ അവശേഷിക്കെ സഖ്യ പ്രഖ്യാപനവുമായി ബിജെപി. തിരഞ്ഞെടുപ്പിൽ ബിജെപി ചരിത്ര വിജയം കൊയ്യുമെന്നും ജെഡിയുവുമായും എൽജെപിയുമായും ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ പി നഡ്ഡ അഭിപ്രായപ്പെട്ടു.
കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്കായി ചെയ്ത ക്ഷേമ പദ്ധതികളിലൂന്നി പ്രചാരണം നടത്താൻ നഡ്ഡ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മുന്നേറുന്ന കൊവിഡ് പ്രതിരോധ നടപടികളും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി ബിഹാർ ഘടകവുമായി വീഡിയോ കോൺഫറൻസിംഗ് വഴി സംവദിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഒരേയൊരു പാർട്ടി ബിജെപിയാണെന്നും പ്രതിപക്ഷ പാർട്ടികൾ സംസ്ഥാനത്ത് അപ്രസക്തമായിരിക്കുകയാണെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.
നിലവിലെ മന്ത്രിസഭയുടെ കാലാവധി നവംബർ 29ന് അവസാനിക്കാനിരിക്കെ ബിഹാറിൽ ഒക്ടോബർ- നവംബർ മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നേക്കും.










