കൊൽക്കത്ത: സ്കൂൾ നിർമ്മിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നൽകിയ സ്ഥലം ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി തിരികെ നൽകി. കൊൽക്കത്ത നഗരത്തിന്റെ കിഴക്കു ഭാഗത്ത് ന്യൂ ടൗണിൽ നൽകിയ രണ്ട് ഏക്കർ സ്ഥലമാണ് ഗാംഗുലി തിരികെ നൽകിയത്. ഇവിടെ സ്കൂൾ നിർമ്മിക്കാനാണ് മമത സർക്കാർ ഗാംഗുലിക്ക് സ്ഥലം നൽകിയത്. എന്നാൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ നേരിട്ടു കണ്ട് ഗാംഗുലി സ്ഥലം തിരികെ നൽകുകയായിരുന്നു. സെക്രട്ടേറിയറ്റിൽവച്ച് കഴിഞ്ഞ മാസം നടന്ന കൂടിക്കാഴ്ചയിലാണ് ഗാംഗുലി സ്ഥലവുമായി ബന്ധപ്പെട്ട രേഖകൾ തിരികെ നൽകിയത് എന്നാണ് റിപ്പോർട്ട്.
മമത സർക്കാർ നൽകിയ സ്ഥലം ഗാംഗുലി തിരികെ നൽകിയത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്. ഗാംഗുലി ബിജെപിയുമായി അടുക്കുന്നതിന്റെ സൂചനയാണ് ഇതെന്നാണ് അഭ്യൂഹം. 2021ൽ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗാംഗുലി ബിജെപിയിൽ ചേരുമെന്ന നിരീക്ഷണങ്ങൾ ശക്തമാകുകയാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് സൗരവ് ഗാംഗുലി. ബിസിസിഐയുടെ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലിയും സെക്രട്ടറി അമിത് ഷായുടെ മകൻ ജയ് ഷായുമാണ്. ഈ അടുപ്പവും ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് പ്രസക്തി വർദ്ധിപ്പിക്കുകയാണ്.
കൊൽക്കത്ത നഗരത്തിലും ബംഗാളിൽ ആകമാനവും ശക്തമായ സ്വാധീനവും ആരാധക വൃന്ദവുമുള്ള വ്യക്തിയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കൂടിയായ സൗരവ് ഗാംഗുലി. ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശം അത് കൊണ്ടാണ് ചൂടേറിയ ചർച്ചാ വിഷയമാകുന്നത്. ഗാംഗുലിയെ ഒപ്പം കൂട്ടാനായാൽ അതിലൂടെ സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന സ്വാധീനം പതിന്മടങ്ങ് വർദ്ധിപ്പിക്കാൻ ബിജെപിക്ക് സാധിക്കും.
Discussion about this post