തിരുവനന്തപുരം : പ്രതിപക്ഷത്തിന് തലച്ചോറിന്റെ അഭാവമുണ്ടെന്നും പിണറായിയുടെ ഐശ്വര്യമാണ് ചെന്നിത്തലയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്നലെ നടന്ന നിയമസഭാ സമ്മേളനത്തെയും അവിശ്വാസ പ്രമേയ ചർച്ചയേയും സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്നലെ സർക്കാരിന് സഹായകമായ നിലയാണ് പ്രതിപക്ഷം സ്വീകരിച്ചതെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.സ്വർണക്കടത്ത്, അഴിമതി, ലൈഫ് മിഷൻ ചട്ടലംഘനം എന്നീ കാര്യങ്ങളെ സംബന്ധിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രിക്ക് മറുപടിയുണ്ടായില്ലെന്നും മന്ത്രി കെ.ടി ജലീലിന്റെ പൊള്ളയായ വിശദീകരണം മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുക മാത്രമാണ് ചെയ്തതെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രതിപക്ഷത്തിന് സംസ്ഥാന സർക്കാരിനെ നേരിടാനുള്ള ത്രാണിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാവിലെ വിമാനത്താവള പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതിനു ശേഷം പിന്നീട് അവിശ്വാസ വോട്ട് രേഖപ്പെടുത്തിയത് രാവിലെ വിവാഹം വൈകീട്ട് മൊഴിചൊല്ലൽ എന്നത് പോലെയായെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കൂട്ടിചേർത്തു.











